കൊല്ലം: സമൂഹവ്യാപന ആശങ്കകൾക്കിടെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നതും പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ പകർച്ച വ്യാധി പ്രതിരോധ നിയമ പ്രകാരമുള്ള നടപടികൾ പൊലീസ് വീണ്ടും ശക്തമാക്കി.
കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെയും കുടുംബത്തിന്റെയും വലിയഴീക്കലിൽ ഗർഭിണിയായ യുവതിയുടെയും സമ്പർക്കപ്പട്ടികയിൽ ഓച്ചിറ, കുലശേഖരപുരം സ്വദേശികളായ നിരവധിപേർ ഉൾപ്പെടുകയും ശാസ്താംകോട്ടയിൽ മത്സ്യക്കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കിയത്.
മത്സ്യത്തൊഴിലാളിയുടെ സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതിനൊപ്പം ബസ് സ്റ്റേഷനും പരിസരവും ഇയാൾ ചികിത്സതേടിയ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയും അണുവിമുക്തമാക്കി. തിരക്ക് ഒഴിവാക്കാൻ സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. പനി, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായെത്തുന്നവരെ നിർബന്ധമായും സ്രവ പരിശോധനയ്ക്ക് വിധേയരാക്കുകയും സംശയം തോന്നിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററായ വാളകം മെഴ്സി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ വേണം. രോഗം സ്ഥിരീകരിച്ചാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
വ്യാപനം ഒഴിവാക്കാൻ വേഗപരിശോധന
രോഗലക്ഷണമുള്ളവരെ കണ്ടെത്താനും സമൂഹവ്യാപനം ഒഴിവാക്കാനും ജില്ലയിൽ ഇന്നലെ മുതൽ ആന്റിജൻ പരിശോധന വ്യാപകമാക്കി. കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി. മൂവായിരത്തോളം ആന്റിജൻ പരിശോധനാ കിറ്റുകളാണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. ഇതിലൂടെ വളരെ വേഗം പരിശോധനാ ഫലം അറിയാൻ കഴിയും. ഇന്ന് അഴീക്കലും ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലും കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കും.
''
രോഗലക്ഷണമുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. പരിശോധന വ്യാപിപ്പിക്കും. സ്രവപരിശോധനയ്ക്കായി മൂന്ന് മൊബൈൽ യൂണിറ്റുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനയ്ക്കെത്തും.
ഡോ. സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ, കൊല്ലം