manoj

കൊല്ലം: ദുബായിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ ഗൃഹനിരീക്ഷണത്തിൽ കഴി‌ഞ്ഞിരുന്ന സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുവത്തൂർ തേവലപ്പുറം മനോജ് മന്ദിരത്തിൽ മനോജാണ് (24) മരിച്ചത്. യുവാവിന്റെ സ്രവം കൊവിഡ് പരിശോധനയ്ക്കായി വൈറോളജി ലാബിലേക്ക് അയച്ചു.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ് യന്ത്രത്തിൽ നടത്തിയ പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് സൂചന. പക്ഷെ ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരിശോധനാ ഫലം വന്ന ശേഷമേ സംസ്കരിക്കുകയുള്ളു.

ഈമാസം 2നാണ് മനോജ് അയൽവാസി കൂടിയായ സുഹൃത്തിനൊപ്പം ദുബായിൽ നിന്ന് മടങ്ങിയെത്തിയത്. തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലാണ് ഇരുവരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. മനോജിന് രണ്ട് ദിവസമായി ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്നു. സ്രവ പരിശോധനയ്ക്ക് പോകാൻ നിർദ്ദേശിച്ചെങ്കിലും നേരത്തെയുള്ള ഉദരസംബന്ധമായ രോഗങ്ങളുടെ ഭാഗമായിരിക്കുമെന്ന് പറഞ്ഞ് മനോജ് ഒഴിഞ്ഞുമാറി.

ഇന്നലെ രാവിലെ ഏഴോടെ പതിവായി ഭക്ഷണം കൊണ്ടുവരുന്ന സുഹൃത്തിന്റെ ബന്ധു എത്തിയപ്പോഴാണ് മനോജിനെ മരിച്ച നിലയിൽ കണ്ടത്.

. മനോജ് ദുബായിൽ ഇലക്ട്രീഷ്യനായിരുന്നു. അച്ഛൻ: കുഞ്ഞുമോൻ. അമ്മ: മിനി. സഹോദരൻ മനോഷ് ഇന്നലെ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ പ്രവേശിച്ചതേയുള്ളു.