പൊട്ടിപ്പൊളിഞ്ഞ് ഓച്ചിറ-താമരക്കുളം റോഡ്
ആലപ്പുഴ: ഓച്ചിറയിൽ നിന്ന് താമരക്കുളത്തേക്ക് ചൂനാടുവഴിയുള്ള റോഡ് കണ്ടാൽ ആരുമൊന്ന് ചിന്തിക്കും എന്തൊരു റോഡാണിത്?കുണ്ടും കുഴികളും നിറഞ്ഞ് ശോച്യാവസ്ഥയിൽ നമ്പർ വൺ ആയിക്കൊണ്ടിരിക്കുകയാണ് ഈ റോഡ്. ആയിരക്കണക്കിന് യാത്രക്കാരും നൂറു കണക്കിന് വാഹനങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
വള്ളികുന്നം, കൃഷ്ണപുരം, ഭരണിക്കാവ്, തഴവ മേഖലകളിൽ നിന്നുള്ളവർ പലവിധ ആവശ്യങ്ങൾക്ക് എത്താറുള്ളത് ഓച്ചിറയിലാണ്.ഇവരെല്ലാം ആശ്രയിക്കുന്നത് ഓച്ചിറ- താമരക്കുളം റോഡിനെയും. ഓച്ചിറ റെയിൽവെ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് എത്തേണ്ട വഴിയും ഇതുതന്നെ.
പൊതുമരാമത്ത് വകുപ്പ് കൊല്ലം എക്സിക്യുട്ടീവ് എൻജിനിയറുടെ അധികാര പരിധിയിലാണ് ഈ റോഡ്.ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ 'ഇപ്പ ശര്യാക്കാ'മെന്നാണ് അധികൃതരുടെ മറുപടി. കൊല്ലം-ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ കിടക്കുന്നതിനാൽ രണ്ട് ഭാഗത്തെയും ജനപ്രതിനിധികളുടെ ശ്രദ്ധ വേണ്ടത്ര കിട്ടുന്നില്ല. ഓച്ചിറ- താമക്കുളം റോഡിനെ അധികൃതർ അവഗണിക്കുകയാണ്.
..............................
വികസനം 52 കിലോമീറ്ററിൽ
കൊല്ലം ജില്ലയിലെ വെറ്റമുക്കിൽ തുടങ്ങി തഴവ എ.വി.എച്ച്.എസ്, കാമ്പിശേരി മുക്ക്, ചങ്ങൻകുളങ്ങര വഴി ഓച്ചിറ, അവിടെ നിന്ന് ചൂനാട്, കാഞ്ഞിരത്തുംമൂട് വഴി താമരക്കുളം വരെ എത്തുന്ന 52 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പദ്ധതിയിലാണ് ഈ ഭാഗം ഉൾപ്പെടുത്തിയിട്ടുള്ളത്. കാഞ്ഞിരത്തുംമൂട് മുതൽ താമരക്കുളം വരെയും ചൂനാട്ട് നിന്ന് കിഴക്കോട്ട് ഒരു കിലോ മീറ്റർ വരെയും നിർമ്മാണ ജോലികൾ നടന്നു.
# ഭാവി പ്രതീക്ഷ
റോഡ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 62 കോടി
പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത് കിഫ്ബിയിൽ
ചവറ, കുന്നത്തൂർ, കരുനാഗപ്പള്ളി, മാവേലിക്കര നിയോജക മണ്ഡലങ്ങളിൽക്കൂടി
പദ്ധതി പല ഘട്ടങ്ങളായി തിരിച്ച് നടത്തും
ചിലയിടങ്ങളിൽ കാനകളുടെ നിർമ്മാണം പുരോഗമിക്കുന്നു
ടെൻഡറായിട്ട് നാളുകൾ
ഇടയ്ക്കെത്തിയ മഴയും കൊവിഡും തടസവാദങ്ങൾക്ക് അടിസ്ഥാനം
അടുത്ത ആഴ്ച ജോലികൾ കാര്യക്ഷമമാകുമെന്ന് അധികൃതർ
കരാറുകാരൻ താമസിപ്പിക്കുന്നു
നാല് നിയോജക മണ്ഡലങ്ങളെ ബന്ധപ്പെടുത്തിയുള്ള വലിയൊരു പദ്ധതിയുടെ ഭാഗമാണിത്. പണം അനുവദിച്ചിട്ടുണ്ട്.രണ്ട് വർഷം മുമ്പ് ടെൻഡർ നൽകിയതാണ്. പക്ഷെ കരാറുകാരന്റെ ഭാഗത്തു നിന്ന് വലിയ കാലതാമസമാണ് വരുന്നത്. ഉടൻ ഇത് സംബന്ധിച്ച് റിവ്യൂ മീറ്റിംഗ് വിളിച്ച് നടപടികൾ വേഗത്തിലാക്കും
(ജി.സുധാകരൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി)