ശാസ്താംകോട്ട: ആട്ടോ ഓടിക്കുന്നതിനിടെ റോഡിലേക്ക് കുഴഞ്ഞുവീണ ഡ്രൈവർ പതിനഞ്ച് മിനിട്ടിലേറെ ബോധരഹിതനായി കിടന്നിട്ടും ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ വഴിയാത്രക്കാർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
തോപ്പിൽ മുക്ക് ആട്ടോ സ്റ്റാൻഡിലെ തൊഴിലാളി മൈനാഗപ്പള്ളി വേങ്ങ അനീഷ് ഭവനത്തിൽ രാമചന്ദ്രനാണ് (58) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ കോവൂർ എൽ.പി സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രാമചന്ദ്രൻ ആട്ടോ നിറുത്തി പുറത്തിറങ്ങുന്നതിനിടെ ബോധരഹിതനായി റോഡിലേക്ക് മുഖമടിച്ച് വീഴുകയായിരുന്നു. ഓടിക്കൂടിയവർ കൊവിഡ് ഭീതിയിൽ രക്ഷാപ്രവർത്തനം നടത്താൻ മടിച്ചു. ഒടുവിൽ 15 മിനിട്ടിന് ശേഷം അതുവഴി വന്ന ആർ.എസ്.പി നേതാവ് ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വീഴ്ചയിൽ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിരുന്നു. ഹൃദയഘാതമാകാം മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ഡോക്ടർമാർ. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്കു ശേഷം സംസ്‌കരിക്കും. ഭാര്യ: ഉഷ. മക്കൾ: ആശ, അനീഷ്. മരുമക്കൾ: പ്രമോദ്, സൗമ്യ.