ദുരൂഹതയെന്ന് ബന്ധുക്കൾ
കുണ്ടറ: ജോലിചെയ്യുന്ന വൈദ്യശാലയ്ക്ക് പിന്നിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ തൊഴിലാളി മരിച്ചു. പെരുമ്പുഴ അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം മാടൻവിള വടക്കതിൽ പരേതനായ സദാനന്ദന്റെ മകൻ ഓമനക്കുട്ടനാണ് (49) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന തൊഴിലാളി മനുവിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി ഓമനക്കുട്ടനും മനുവും ഒന്നിച്ചാണ് വൈദ്യശാലയ്ക്ക് പിന്നിലെ മുറിയിൽ ഉറങ്ങാൻ കിടന്നത്. 11.30 ഓടെ മനു വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ വൈദ്യശാലാ അധികൃതരാണ് പുറത്ത് വീണുകിടന്ന ഓമനക്കുട്ടനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് പിന്നിലെ മുറിവിൽ നിന്ന് രക്തം വാർന്ന് ചലനമറ്റ നിലയിലായിരുന്ന ഓമനക്കുട്ടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടാഴ്ച മുൻപ് ഓമനക്കുട്ടന്റെ പണം നഷ്ടപ്പെട്ടിരുന്നു. ഇതേച്ചൊല്ലി മനുവുമായി വഴക്കിട്ടിരുന്നു. ഭാര്യയോട് പിണങ്ങി വർഷങ്ങളായി ഓമനക്കുട്ടൻ അമ്മയോടൊപ്പമാണ് താമസം. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും അമ്മ ജഗദമ്മയും സഹോദരി ലളിതയും ആവശ്യപ്പെട്ടു. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തും.