moshanam
കടയ്ക്കാമണിൽ മോഷണം നടന്ന വീട്ടിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തുന്നു

പത്തനാപുരം: വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും സി.സി ടി.വിയും അനുബന്ധ ഉപകരണങ്ങളും കവർന്നു. കടയ്ക്കാമൺ ഫെയ്ത്ത് വില്ലയിൽ ജോർജ് ഉമ്മന്റെ വീട്ടിലാണ് മോഷണം നടന്നത്. പിൻവശത്തുള്ള പടിക്കെട്ടുവഴി മുകളിൽ കയറിയ മോഷ്ടാക്കൾ ഷീറ്റ് തകർത്ത് അകത്തുകയറാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് അടുക്കള വാതിൽ തകർത്താണ് അകത്തു കടന്നതെന്ന് കരുതുന്നു.

ജോർജ് ഉമ്മനും കുടുംബവും അമേരിക്കയിലാണ്. ഇവരുടെ വയോധികരായ മാതാപിതാക്കളാണ് ഇവിടെ താമസം. എന്നാൽ കഴിഞ്ഞ ദിവസം ഇവർ അടിമാലിയിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ജോലിക്കാരിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

അടുക്കള വശത്തെ കതക് തുറന്നുകിടക്കുന്നത് കണ്ട ജോലിക്കാരി അയൽവാസികളെയും പത്തനാപുരം പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് പത്തനാപുരം സി.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വീടിനുള്ളിലെ ഓരോ മുറികളുടെയും വാതിൽ കമ്പിപ്പാര പോലുള്ള ആയുധം കൊണ്ടുതകർത്ത നിലയിലാണ്. വീട്ടുപകരണങ്ങളും തകർത്തിട്ടുണ്ട്. ഡോഗ് സ്‌കാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.