പത്തനാപുരം: പിടവൂരിലെ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പാർക്ക് ചെയ്തിരുന്ന കുടുംബശ്രീക്ക് അനുവദിച്ച പുതിയ വാഹനത്തിൽ സാമൂഹ്യവിരുദ്ധർ കേടുപാടുകൾ വരുത്തിയതായി പരാതി. വാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന ഗണേഷ് കുമാർ എം.എൽ.എയുടെ ചിത്രത്തിലും മറ്റിടങ്ങളിലും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കേടുപാടുകൾ വരുത്തിയ നിലയിലാണ്.
കുടുംബശ്രീ പ്രവർത്തകർക്കായി എം.എൽ.എ അനുവദിച്ച വാഹനത്തിൽ 'സേവിക' എന്ന പേരിൽ മൊബൈൽ മാർക്കറ്റിംഗ് യൂണിറ്റാണ് പ്രവർത്തിക്കുന്നത്. 20 ലക്ഷം രൂപ ചെലവഴിച്ച് സജ്ജമാക്കിയ വാഹനം മൂന്നു ദിവസം മുമ്പാണ് ബ്ലോക്ക് പഞ്ചായത്തിൽ എത്തിച്ചത്. ഇന്ന് ഉദ്ഘാടനം നടക്കാനിരിക്കെയാണ് കേടുപാടുകൾ വരുത്തിയത്. പൊലീസ് കേസെടുത്തു.