food
മൊബൈൽ ഫുഡ്‌ ടെസ്റ്റിംഗ് ലാബ് വാഹനം

 ചെക്ക് പോസ്റ്റിൽ മൊബൈൽ ഫുഡ് സേഫ്ടി ലാബ്

കൊല്ലം: കൊവിഡ് കാലത്ത് മായം കലർന്ന പാലും വെളിച്ചെണ്ണയും കുടിവെള്ളവും വിറ്റ് കൊള്ളയടിക്കാനാണ് ഉദ്ദേശമെങ്കിൽ കൈയോടെ പിടികൂടാൻ കൊല്ലത്ത് മൊബൈൽ ഫുഡ് സേഫ്ടി ലാബെത്തി. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കുകയാണ് ലക്ഷ്യം.

തമിഴ്നാട്ടിൽ നിന്ന് രാസവസ്തുക്കൾ കലർന്ന പാലും പാൽ ഉത്പന്നങ്ങളും വെളിച്ചെണ്ണയും കേരളത്തിലേക്ക് കടത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. അനലിസ്റ്റും ഡ്രൈവറുമുൾപ്പെടുന്ന വാഹനത്തിൽ ശേഖരിക്കുന്ന സാമ്പിളുകളിൽ നിന്ന് അരമണിക്കൂറിനകം ഫലം അറിയാം. ചെക്ക് പോസ്റ്റിന് പുറമേ പ്രധാന മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും ഡയറികളും കേന്ദ്രീകരിച്ചും മൊബൈൽ ലാബുപയോഗിച്ച് പരിശോധന നടത്താം.


ആരോഗ്യത്തിന് ഹാനികരം

രാസവസ്തുക്കൾ കലർന്ന പാലും എണ്ണകളും സ്ഥിരമായി ഉപയോഗിക്കുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങൾക്കിടയാക്കും. കുടിവെള്ളത്തിൽ ഇരുമ്പ് പോലുള്ള ധാതുലവണങ്ങളുടെ അളവ് ക്രമത്തിലധികമായാൽ ഉദരരോഗങ്ങൾക്കും പിത്താശയ തകരാറുകൾക്കും കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം കോളറ പോലുള്ള രോഗങ്ങൾക്കും കാരണമാകും.

ചേർക്കുന്നത് മാരക രാസവസ്തുക്കൾ

1. പാലിൽ ചേർക്കുന്നത് ഹൈഡ്രജൻ പെറോക്സൈഡ്, ഫോർമാലിൻ

2. വെളിച്ചെണ്ണയിൽ പാമോയിൽ, മിനറൽ ഓയിൽ

3. കുടിവെള്ളം പി.എച്ച് മൂല്യമില്ലാത്തതും കോളിഫോം ബാക്ടീരിയ കലർന്നതും

4. ഇതിൽ ഇരുമ്പ് പോലുള്ള ധാതുക്കളുടെ അളവ് ക്രമാതീതം

''

മൊബൈൽ ലാബിലേക്ക് ഡൽഹിയിൽ നിന്ന് പരിശോധനാ കിറ്റെത്തിയിട്ടുണ്ട്. പുതിയ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ചുമതലയേറ്റാലുടൻ മൊബൈൽ ലാബിന്റെ പ്രവർത്തനം തുടങ്ങും.

സുജിത്ത്, അസി. കമ്മിഷണർ ഇൻ ചാർജ്, കൊല്ലം