perumon

 ദുരന്തത്തിന് 32 വയസ്

ദുരന്തം: 1988 ജൂലായ് 8ന്

മരിച്ചത്: 105 പേർ

അപകടം: ഐലന്റ് എക്സ്‌പ്രസ് പാലത്തിൽ നിന്ന് കായലിലേക്ക് പതിച്ച്

കൊല്ലം: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പൊരു നട്ടുച്ച നേരത്ത് അഷ്ടുമുടി കായലിന്റെ ആഴങ്ങൾ ഏറ്റുവാങ്ങിയ ഐലന്റ് എക്‌സ്‌പ്രസിന്റെ മുഴക്കം പെരുമണിൽ ഇപ്പോഴുമുണ്ട്. 1988 ജൂലായ് 8ന് നടന്ന രാജ്യത്തെ ഏറ്റവും വലിയ തീവണ്ടി ദുരന്തത്തിൽ 105 ജീവനുകളാണ് മുങ്ങിത്താണത്.

ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഐലന്റ് എക്‌സ്‌പ്രസ് ഉച്ചയ്‌ക്ക് 12.20നാണ് മൺറോത്തുരുത്തിനും പെരിനാടിനും ഇടയിലുള്ള പെരുമൺ പാലത്തിൽ നിന്ന് താഴേക്ക് പതിച്ചത്.

80 കിലോമീറ്റർ വേഗതയിലെത്തിയ തീവണ്ടിയുടെ എൻജിൻ പാലം കടന്നതിന് പിന്നാലെ ബോഗികൾ കായലിലേക്ക് വീണു. കായലിന്റെ അടിത്തട്ടിലേക്ക് പതിച്ച ബോഗികൾക്കുള്ളിൽ കുടുങ്ങി ശ്വാസം കിട്ടാതെയാണ് മിക്കവരും മരിച്ചത്. മത്സ്യതൊഴിലാളികളും കായലോരത്തെ ജനങ്ങളുമാണ് വള്ളങ്ങളിലും നീന്തിയും രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. പലരുടെയും മൃതദേഹങ്ങൾ ദിവസങ്ങൾ നീണ്ട തെരച്ചിലുകൾക്ക് ശേഷമാണ് കണ്ടെടുത്തത്.

റെയിൽവേ ജീവനക്കാരനായിരുന്ന ചെല്ലപ്പന്റേത് ഉൾപ്പെടെ നിരവധി കുടുംബങ്ങൾ നേരിട്ട ദുരിതങ്ങൾ അഷ്‌ടമുടിയിൽ കണ്ണീരുപ്പ് കലർത്തുന്നതാണ്. അപകടമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് പ്രത്യേക തീവണ്ടിയിലെത്തിയ ചെല്ലപ്പനും സംഘവും കണ്ടെത്തിയവരിൽ മകൻ ജലജകുമാറിന്റെ മൃതദേഹവുമുണ്ടായിരുന്നു. നൂറ് കണക്കിന് യാത്രക്കർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു.


ടൊർണാഡോ വാദം ജനങ്ങൾ തള്ളി

തീവണ്ടി ദുരന്തത്തിന് കാരണം ടൊർണാഡോ ആണെന്ന റെയിൽവേയുടെ വാദം ഇപ്പോഴും ജനങ്ങൾ അംഗീകരിക്കുന്നില്ല. പെരുമണിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഐലന്റ് എക്‌സ്‌പ്രസിനെ താഴേക്ക് മറിച്ചെന്നായിരുന്നു റെയിൽവേ സേഫ്ടി കമ്മിഷണറായിരുന്ന സൂര്യനാരായണന്റെ നേതൃത്വത്തിലുള്ള കമ്മിഷന്റെ കണ്ടെത്തൽ. പാലത്തിൽ നിന്ന് തീവണ്ടി താഴേക്ക് മറിക്കാൻ ശേഷിയുള്ള കാറ്റ് വീശിയില്ലെന്ന നിലപാടിൽ ജനങ്ങൾ ഉറച്ച് നിന്നപ്പോൾ പുനരന്വേഷണത്തിന് റെയിൽവേ തയ്യാറായി. റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥൻ സി.എസ്. നായിക്ക് നടത്തിയ പുനരന്വേഷണത്തിലും ടൊർണാഡോ നിലപാടിന് മാറ്റമുണ്ടായില്ല. എന്നാൽ റെയിൽവേയുടെ ഗുരുതരമായ സുരക്ഷാ വീഴ്‌ചയാണ് അപകടത്തിന് കാരണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇപ്പോഴും അഷ്ടമുടിയും പെരുമണും.

കൊവിഡ് കാലത്ത് ലളിതമായ അനുസ്മരണം

റെയിൽവേ ഭൂമിയിലെ സ്‌മൃതി സ്‌തൂപവും പെരുമൺ ജങ്കാർ കടവിലെ സ്‌മൃതി മണ്ഡപവും മാത്രമാണ് ദുരന്തദിനത്തിന്റെ ശേഷിക്കുന്ന അടയാളങ്ങൾ. ശ്രദ്ധേയമായ സ്മാരകം ഇപ്പോഴുമില്ല. അഷ്ടമുടിയുടെ ആഴങ്ങളിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ടവർക്ക് ഓർമ്മപൂക്കളുമായി എല്ലാവർഷവും ബന്ധുക്കൾ എത്തിയിരുന്നു. എന്നാൽ ഇന്നലെ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ലളിതമായ അനുസ്മരണ ചടങ്ങാണ് നടത്തിയത്. നാട്ടുകാരും വിവിധ സംഘടനകളും പങ്കെടുത്തു.