തഴവ: മൂക്ക് പൊത്താതെ വീടിനകത്തുപോലും ഇരിക്കാനാവാത്ത അവസ്ഥ. തഴവ പഞ്ചായത്തിലെ ജനങ്ങൾക്കാണ് ഈ ദുർവിധി. ആൾത്താമസമുള്ളിടത്തുവരെ സെപ്റ്റിക് ടാങ്ക് മാലിന്യം ഉപേക്ഷിക്കുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിതവണയാണ് സെപ്റ്റിക് ടാങ്ക് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. കഴിഞ്ഞ ദിവസം തഴവ കരൂക്കാവിൽ ജംഗ്ഷന് കിഴക്ക് വശത്തെ തോട്ടിൽ ഒരുലോഡ് സെപ്റ്റിക് ടാങ്ക് മാലിന്യം ഉപേക്ഷിച്ചതാണ് ഒടുവിലത്തെ സംഭവം. ദുർഗന്ധം സഹിക്കാനാവാതെ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്ക് വേസ്റ്റ് തോട്ടിലൊഴുക്കിയതായി കണ്ടെത്തിയത്. കഴിഞ്ഞദിവസം പുലർച്ചെയാണ് മാലിന്യം ഇവിടെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. കരൂക്കാവിൽ ജംഗ്ഷനിലെ തോട്ടിലായിരുന്നു മുമ്പ് പതിവായി മാലിന്യം ഉപേക്ഷിച്ചിരുന്നത്. നാട്ടുകാർ കാവലിരുന്ന് മാലിന്യം ഉപേക്ഷിക്കാനെത്തിയവരെ പിടികൂടുകയും സമീപത്തെ വീട്ടിൽ കാമറ സ്ഥാപിക്കുകയും ചെയ്തതോടെയാണ് പുതിയ സ്ഥലത്ത് മാലിന്യം ഉപേക്ഷിച്ചത്. കുതിരപ്പന്തി പുത്തൻകുളം, പനയറ വയൽ, തീപ്പുരപ്പാലം, കറുത്തേരിൽജംഗ്ഷൻ, കരിയപ്പള്ളിൽ ക്ഷേത്രപരിസരം എന്നിവിടങ്ങളിലും അടുത്ത കാലത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം ഉപേക്ഷിക്കപ്പെട്ടിരുന്നു.
ജലസ്രോതസുകൾ
മലിനീകരണ ഭീഷണിയിൽ
ഒഴുക്ക് നിലച്ച തോട്ടിൽ മാലിന്യം തളംകെട്ടിയതോടെ പരിസരത്തെ വീടുകളിലെ കിണറുകളും മറ്റ് ജലസ്രോതസുകളും മലിനീകരണ ഭീതിയിലാണ്.
രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ പിടികൂടാൻ പൊലീസ് തയ്യാറാകണം.
ബിജു പാഞ്ചജന്യം, സലിം അമ്പിത്തറ
പഞ്ചായത്തംഗങ്ങൾ
പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലിം പട്രോളിംഗ് ശക്തമാക്കാനോ കാമറകളുടെ സഹായത്തോടെ വാഹനം കണ്ടെത്താനോ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
മണപ്പള്ളി പൊലീസ് ഔട്ട് പോസ്റ്റിന്റെ മൂക്കിന് കീഴിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്.
നാട്ടുകാർ