arogyam

 പ്രതിരോധവും പരിശോധനയും ശക്തമാക്കി

കൊല്ലം: ആശങ്കകൾക്കിടയിലും ജില്ലയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കാൻ ആരോഗ്യപ്രവർത്തകർ രംഗത്ത്. കണ്ടെയ്ൻമെന്റ് സോണുകളിലും സമൂഹവ്യാപന ആശങ്ക നിലനിൽക്കുന്ന സ്ഥലങ്ങളിലുമാണ് പ്രതിരോധ പ്രവർത്തനങ്ങളും സാമ്പിൾ പരിശോധനയും ശക്തമാക്കിയത്. കായംകുളത്ത് പച്ചക്കറി വ്യാപാരിക്കും വലിയഴീക്കലിൽ കാരിയർ വള്ളത്തിലെ തൊഴിലാളിയുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചതോടെ ഭീതിയിലായ ജില്ലയുടെ വടക്കൻ മേഖലകളിൽ ഇന്നലെയും മുന്നൂറോളം മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കി.

ശാസ്താംകോട്ട ആഞ്ഞിലിമൂട്,​ നീണ്ടകര ഹാർബർ,​ കരുനാഗപ്പള്ളി എന്നിവിടങ്ങളിലും സ്രവപരിശോധന നടന്നു. നിരത്തുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പും പൊലീസും പരിശോധനകൾ കടുപ്പിച്ചു. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പുറത്തിറങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ സർക്കാർ ഓഫീസുകൾ,​ കമ്പനികൾ,​ ഹോട്ടലുകൾ എന്നിവിടങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി.

സമൂഹവ്യാപനത്തിന്റെ ആശങ്കകൾ ദുരീകരിക്കാനും മുന്നൊരുക്കങ്ങൾ നടത്തുന്നതിനുമായി ജില്ലയിലെ 16 കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. തഴവമണപ്പള്ളി,​ മൈനാഗപ്പള്ളി,​ ചവറ,​ കുണ്ടറ,​ തൃക്കടവൂർ,​ കരിക്കോട്,​ പാലത്തറ,​ അഞ്ചൽ,​ വെളിനല്ലൂർ,​ കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി ആയിരത്തോളം സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലും നിരീക്ഷണ മേഖലകളിലും ക്വാറന്റൈൻ നടപടികൾ കർശനമാക്കി. ഇവിടങ്ങളിൽ ക്വാറന്റൈൻ ലംഘനം തടയാൻ പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ഇന്നലെ പരിശോധന: 16 കേന്ദ്രങ്ങളിൽ

സാമ്പിൾ ശേഖരിച്ചത്: 1,000