പുനലൂർ: ഗതാഗതക്കുരുക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്ക് ഭയംകൂടാതെ ഒന്ന് നടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ് വാളക്കോട് പാലത്തിന് . 115വർഷത്തിന് മേൽ പ്രായമുള്ള വാളക്കോട് പാലത്തിന്റെ അവസ്ഥ അധികൃതർക്ക് മുന്നിൽ പലതവണ എത്തിയിട്ടും അവഗണനയല്ലാതതെ മറ്റൊരു നടപടിയുമില്ല.പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള കൊല്ലം-തിരുമംഗലം ദേശിയ പാത നവീകരിച്ച് മോടി പിടിപ്പിക്കുന്ന ജോലികൾ ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. എന്നിട്ടും വാളക്കോട്ടെ ഇടുങ്ങിയ പാലം പരിഗണിക്കുന്നതേയില്ല. കൊല്ലം-തിരുനെൽവേലി റെയിൽവേ പാതയുടെ മുകൾ ഭാഗത്ത് കൂടി കടന്ന് പോകുന്ന ദേശിയ പാതയിലെ വാളക്കോട് പാലമാണ് വർഷങ്ങളായി അവഗണന നേരിടുന്നത്.
ഗതാഗതക്കുരുക്ക് പതിവ്
ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് കരിങ്കല്ലിൽ പണിത മേൽപ്പാലത്തിലുടെ ഒരു സമയം ഒരു വാഹനത്തിന് മാത്രമെ കടന്ന് പോകാൻ കഴിയു. ഇതുമൂലം മേൽപ്പാലത്തിന്റെ രണ്ട് ഭാഗങ്ങളിലും വർഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അറുതിയില്ലാതെ തുടരുകയാണ്. വാഹനങ്ങൾ വരുന്നത് കണ്ട് കാൽ നടയാത്ര ഭയന്ന് പാലത്തിന്റെ വശത്തെ കരിങ്കല്ലിൽ നിർമ്മിച്ച കൈവരികളിലൂടെയായിരുന്നു നടന്ന് പൊയ്ക്കൊണ്ടിരുന്നത്.ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് കരുതി റെയിൽവേ രണ്ട് കൈവരികളിലും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് വേലി സ്ഥാപിച്ചു.ഇരുപത് ടണ്ണിന് മുകളിൽ ഭാരം കയറ്റിയ വാഹനങ്ങൾ പാലം വഴി കടന്ന് പോകരുതെന്ന സൂചനാ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അറുപത് ടൺ തൂക്കം വരെ ഭാരം കയറ്റിയ ലോറികളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.
ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള റോഡ് നവീകരിണത്തിന് കേന്ദ്ര ഉപരിതല ഗതാഗ മന്ത്രാലയത്തിൽ നിന്നനുവദിച്ച 35 കോടി രൂപയാണ് ചെലവ്
ദേശിയ പാത അധികൃതരും, റെയിൽവേയും തമ്മിൽ ശീതസമരം
ദേശിയ പാത അധികൃതരും, റെയിൽവേയും തമ്മിലുളള ശീത സമരത്തെ തുടർന്നാണ് പഴകിയ പാലത്തിൻെറ പുനർ നിർമ്മാണം നീണ്ട് പോകുന്നത്. കൊല്ലം-ചെങ്കോട്ട റെയിൽവേ ഗേജ് മാറ്റത്തോടെപ്പം പാലം പുനർ നിർമ്മിക്കാൻ റെയിൽവേയും ദേശിയ പാത അധികൃതരും തമ്മിൽ ചർച്ച നടത്തിയിരുന്നു.എന്നാൽ പാലം മരാമത്ത് വകുപ്പിന്റേതാണെന്ന് പറഞ്ഞ് റെയിൽവേ ഒഴിഞ്ഞു. പിന്നീട് ഗേജ്മാറ്റ ജോലികൾ പൂർത്തിയാക്കിയ റെയിൽവേ ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചെങ്കിലും പാലത്തിന്റെ പുനർ നിർമ്മാണം അനന്തമായി നീളുകയാണ്.