nl
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ കർക്കിടക സദ്യയ്ക്ക് എത്തുന്ന ഭക്തജനങ്ങളുടെ നീണ്ട നിര (ഫയൽ ചിത്രം)

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണ മാസാചരണം ഇത്തവണ ആചാരം മാത്രമായി നടത്താൻ ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. ഇതേ സാഹചര്യം തുടരുവാനും ഉച്ചഭാഷിണി ഉപയോഗിക്കാതെ ക്ഷേത്രത്തിൽ രാമായണ പാരായണം നടത്താനുമാണ് തീരുമാനം.

ക്ഷേത്രത്തിൽ കർക്കിടകം ഒന്നു മുതൽ മുപ്പത്തിരണ്ട് ദിവസം നീണ്ടു നിൽക്കുന്ന രാമായണ മാസാചരണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിദിനം പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തിരുന്നത്. മാസാചരണത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് നടക്കുന്ന കർക്കിടക സദ്യയിൽ ഒരു ദിവസം ശരാശരി ഇരുപതിനായിരത്തിൽപ്പരം ആളുകൾ പങ്കെടുക്കുന്നതായാണ് ഔദ്യോഗിക കണക്ക്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഭരണസമിതിയെടുക്കുന്ന തീരുമാനവുമായി ഭക്തജനങ്ങൾ സഹകരിക്കണമെന്ന് സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.