പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ വീണ്ടും പുലിയിറങ്ങി ആടിനെ കടിച്ചുകൊന്നു. മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ചിലെ ചെമ്പനരുവി മുളന്തറപ്പാടി സുധാ വിലാസത്തിൽ പുഷ്കരന്റെ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന മൂന്ന് മാസം ഗർഭിണിയായ ആടിനെയാണ് കൊന്നത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. തൊഴുത്തിൽ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരെ കണ്ട പുലി വനത്തിലേക്ക് ഓടി മറഞ്ഞു. രാവിലെ മുള്ളുമല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജയന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ച ശേഷം ആടിനെ മറവ് ചെയ്തു.