പ്രദേശവാസികൾ കൊവിഡ് വ്യാപന ഭീതിയിൽ
കൊല്ലം:മേവറം മുതൽ കാവനാട് വരെയുള്ള ബൈപ്പാസിന്റെ വശങ്ങളിൽ അന്യസംസ്ഥാന ലോറിത്തൊഴിലാളികൾ കൂട്ടത്തോടെ തമ്പടിക്കുന്നത് പ്രദേശവാസികളിൽ കൊവിഡ് ഭീതി പടർത്തുന്നു. അയത്തിൽ, കുരീപ്പുഴ, നീരാവിൽ പ്രദേശങ്ങളിലാണ് അന്യസംസ്ഥാന ലോറിത്തൊഴിലാളികൾ വലിയ ഭീഷണി ഉയർത്തുന്നത്.
ബൈപ്പാസിന്റെ ഓരത്തെ ബസ് ഷെൽട്ടറുകളിൽ വിശ്രമിക്കുന്ന ഇവർ സമീപത്തെ തുറസായ സ്ഥലങ്ങളിൽ തന്നെയാണ് പ്രാഥമിക കർമ്മങ്ങളുൾപ്പെടെ നിർവഹിക്കുന്നത്. ഒരു വിഭാഗം തൊഴിലാളികൾ റോഡ് വക്കിൽ വച്ചുതന്നെ ആഹാരം പാകം ചെയ്യാറുമുണ്ട്. ഇവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്ന റോഡ് വക്കിനോട് ചേർന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്.
നേരത്തെ അയത്തിൽ മേഖലയിലാണ് ഇവർ കൂട്ടത്തോടെ തമ്പടിച്ചിരുന്നത്. ബൈപ്പാസ് തുറന്നതോടെയാണ് ഇവർ മറ്റ് പ്രദേശങ്ങളും താവളമാക്കിത്തുടങ്ങിയത്. ഇവർ അന്തിയുറങ്ങുന്ന ബസ് ബേകളിൽ ദിവസേന നൂറുകണക്കിന് പേരാണ് ബസ് കാത്തുനിൽക്കുന്നതെന്നതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട്.
അതിർത്തി കടന്നെത്തുന്ന രോഗഭീതി
യാതൊരു ആരോഗ്യ പരിശോധനകളും ഇല്ലാതെയാണ് ലോറിത്തൊഴിലാളികൾ അതിർത്തി കടന്നെത്തുന്നത്. തമിഴ്നാട്ടിൽ ഒന്നോ രണ്ടോ ദിവസം മാത്രം ചെലവഴിച്ച് മടങ്ങിയെത്തിയ മലയാളികളായ ലോറിത്തൊഴിലാളികൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ച കച്ചവടക്കാരിൽ പലർക്കും സാധനങ്ങളുമായെത്തിയ അന്യസംസ്ഥാന ലോറിക്കാരിൽ നിന്നാണ് രോഗം പടർന്നതെന്നും സംശയമുണ്ട്.
"അന്യസംസ്ഥാന ലോറിത്തൊഴിലാളികൾ കൂട്ടത്തോടെ തമ്പടിക്കുന്നതിനാൽ ബൈപ്പാസിന്റെ ഓരങ്ങളിലുള്ളവർ റോഡിലേക്ക് ഇറങ്ങാൻ തന്നെ ഭയക്കുകയാണ്. കേരളത്തിൽ പലയിടത്തുമുണ്ടായ കൊവിഡ് വ്യാപനത്തിന്റെ ഉറവിടം അന്യസംസ്ഥാന ലോറിത്തൊഴിലാളികളായതിനാൽ ബൈപ്പാസിന്റെ ഓരങ്ങളിൽ താമസിക്കുന്നവർ കടുത്ത ഭീതിയിലാണ്."
വി.എസ്. ഷാജി (ഭാരവാഹി, സ്നേഹപൂർവം കുരീപ്പുഴയിൽ നിന്നും)
'' ബൈപ്പാസിന്റെ ഓരത്ത് ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ നഗരസഭ പാർക്കിംഗ് അനുവദിച്ചിട്ടുള്ളതിനാൽ ലോറിത്തൊഴിലാളികൾ തമ്പടിക്കുന്ന കാര്യം കോർപ്പറേഷനെയും അറിയിച്ചിട്ടുണ്ട്."
കെ.എ. ജയ (ദേശീയപാത എക്സിക്യൂട്ടീവ് എൻജിനിയർ)