കൊല്ലം: ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് കമ്മിറ്റിയുടെ വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം വെൺപാലക്കര ശാരദാവിലാസിനി ലൈബ്രറിയിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ എക്‌സിക്യൂട്ടീവ് അംഗം ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണവും കേരളകൗമുദി മുൻ കൊല്ലം ബ്യൂറോ ചീഫ് കെ. രാജൻബാബു സി. കേശവൻ അനുസ്മരണ പ്രഭാഷണവും നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ്, വൈസ് പ്രസിഡന്റ് എ. അബൂബക്കർ കുഞ്ഞ്, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം അമ്പിളി, ശാരദാവിലാസിനി ലൈബ്രറി പ്രസിഡന്റ് എസ്. മധു, സെക്രട്ടറി ഐ. സലിൽ കുമാർ എന്നിവർ സംസാരിച്ചു.
മയ്യനാട് ഹൈസ്‌കൂളിലെ വാട്ട്‌സാപ്പ് കൂട്ടായ്മയും ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ടി.വി ചലഞ്ചിലൂടെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത ബാലവേദി അംഗങ്ങളായ ആദിത്യലക്ഷ്മി, ആദിലക്ഷ്മി എന്നിവർക്ക് എം. നൗഷാദ് എം.എൽ.എ ടെലിവിഷനുകൾ കൈമാറി. ഹയോസ് ഉടമ ശശികുമാർ ലൈബ്രറിക്ക് സംഭാവന ചെയ്ത ജലശുദ്ധീകരണിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
ജി. ശങ്കരപിള്ള, പൊൻകുന്നം വർക്കി, പി. കേശവദേവ്, വി. സാംബശിവൻ, വൈക്കം മുഹമ്മദ് ബഷീർ, തിരുനെല്ലൂർ കരുണാകരൻ എന്നിവരെ അനുസ്മരിച്ച് പി.വി. ജയപ്രകാശ് മേനോൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, സി. അജോയി, വി. ഹർഷകുമാർ, അഡ്വ. കെ.പി. സജിനാഥ്, ഡോ. സി. ഉണ്ണികൃഷ്ണൻ എന്നിവരുടെ ഓൺലൈൻ പ്രഭാഷണവും നടന്നു.