പുനലൂർ:കൊവിഡ് ബാധിതനായ വ്യാപാരിയെ അറസ്റ്റ് ചെയ്ത് പൊലിസ് സ്റ്റേഷനിൽ പാർപ്പിച്ച സംഭവത്തെ തുടർന്ന് 14 ദിവസം ക്വാറൻൈനിൽ കഴിഞ്ഞിരുന്ന പുനലൂർ പൊലിസ് സ്റ്റേഷനിലെ സി.ഐ.ബിനുവർഗീസ് ഉൾപ്പെടെ 16പൊലിസുകാരും ഡ്യൂട്ടിയിൽ പ്രവേശിച്ചു. ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ജില്ലാ റൂറൽ പൊലിസ് മേധാവി ഹരിശങ്കർ നിർദ്ദേശം നൽകിയത്.കഴിഞ്ഞ മാസം 19ന് പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വ്യാപാരിയായ മുസാവരികുന്ന് സ്വദേശിയായ 65കാരനെ ലഹരിവസ്തുക്കളുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് 18 മണിക്കൂർ സ്റ്റേഷനിൽ പാർപ്പിച്ച വ്യാപാരിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിന് മുമ്പ് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇത് കണക്കിലെടുത്ത് പ്രതിയുമായി സമ്പർക്കം പുലർത്തിയെന്ന സംശയത്തെ തുടർന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐയും എസ്.ഐയും ഉൾപ്പെടെയുളള 16പൊലിസുകാരും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുന്ന നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് വ്യാപാരിയുടെ മകനും രോഗം സ്ഥിരീകരിച്ചിരുന്നു.തുടർന്ന് പുനലൂർ നഗരസഭയിലെ ടൗൺ, ചാലക്കോട്, ചെമ്മന്തൂർ, നെടുംങ്കയം, മുസാവരികുന്ന് തുടങ്ങിയ അഞ്ച് വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിക്കുകയായിരുന്നു.