traffic
ട്രാഫിക് പൊലീസ് പിടിച്ചെടുത്ത നമ്പർ പ്ലേറ്റ് മറയുന്ന ബൈക്കുകൾ

 നമ്പർ പ്ലേറ്റുകൾ അപ്രത്യക്ഷമാകുന്ന രണ്ടു ബൈക്കുകൾ പിടിയിൽ

കൊല്ലം: കൊവിഡിനെ പേടിച്ച് എല്ലാവരും വീട്ടിലൊതുങ്ങുമ്പോഴും നിരത്തുകളിൽ ഫ്രീക്കന്മാരുടെ വിളയാട്ടം. നിലംതൊടാതെ കാതടപ്പിക്കുന്ന ശബ്ദത്തോടെ സ്റ്റണ്ട് ബൈക്കുകളിൽ പായുന്ന ഫ്രീക്കന്മാരെ പറ്റി പരാതി വ്യാപകമായതോടെ ട്രാഫിക് പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ യാത്രയ്ക്കിടയിൽ നമ്പർ പ്ളേറ്റുകൾ അപ്രത്യക്ഷമാകുന്ന രണ്ടു ബൈക്കുകൾ പിടിച്ചെടുത്തു.

ചവറ, തങ്കശ്ശേരി സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. നമ്പർ പ്ലേറ്റ് നിർമ്മിച്ച് നൽകിയ വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. എട്ട് മാസം മുമ്പും സമാനമായ ബൈക്കുകൾ ട്രാഫിക് പൊലീസ് പിടികൂടിയിരുന്നു. റോഡുകളിൽ പൊലീസ് സംഘം കൈകാണിച്ചാലും ഇത്തരം ബൈക്കുകളിൽ കറങ്ങുന്നവർ നിറുത്താറില്ല. ഇന്നലെ ആശ്രാമത്തും കച്ചേരിയിലും വച്ച് ട്രാഫിക് പൊലീസ് തന്ത്രപൂർവം ഇവരെ കുടുക്കുകയായിരുന്നു. രണ്ട് ബൈക്കുകളുടെയും ഉടമകളുടെ പേരിൽ വൻതുക പിഴചുമത്തി.

 തട്ടിയാൽ മതി, നമ്പർ പ്ളേറ്റ് സ്വാഹ...
ചെറുതായൊന്ന് തട്ടുമ്പോൾ തന്നെ മുകളിലേക്കോ താഴേക്കോ മറയുന്നതാണ് ട്രാഫിക് പൊലീസ് പിടികൂടിയ ബൈക്കുകളിലെ നമ്പർ പ്ലേറ്റിന്റെ പ്രത്യേകത. ഇതുമൂലം പരിശോധനയ്ക്കിടെ കുതറി രക്ഷപ്പെട്ടാൽ നമ്പർ കുറിച്ചെടുക്കാൻ പറ്റില്ല. വാഹനത്തിൽ കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് പുതിയത് ഘടിപ്പിച്ചിരിക്കുന്നത്. ഓടിക്കുന്നതിനിടെ നമ്പർ പ്ലേറ്റിൽ തട്ടിയാൽ ആർക്കും കാണാനാകാത്ത വിധം മുകളിലേക്ക് ഉയരും.

 " കൊവിഡ് കാലമായതിനാൽ നിരത്തിൽ പൊലീസ് സാന്നിദ്ധ്യം ഉണ്ടാകില്ലെന്ന ധാരണയിലാണ് ഫ്രീക്കന്മാർ വീണ്ടും ഇറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെ കുടുക്കാൻ വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരും."

പ്രദീപ് (ട്രാഫിക് എസ്.ഐ)