photo

കുണ്ടറ: പെരുമ്പുഴയിൽ തലയ്ക്ക് പരിക്കേറ്റ് മുറിയിൽ മരിച്ച് കിടന്ന ഓമനക്കുട്ടനെ സഹപ്രവർത്തകൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് എഴുകോൺ ഇരുമ്പനങ്ങാട് മനു ഭവനത്തിൽ മനുവിനെ (38) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം മാടൻവിള വടക്കതിൽ ഓമനക്കുട്ടനാണ് (49) കൊല്ലപ്പെട്ടത്.

പെരുമ്പുഴ സ്വദേശിയായ ഡോക്ടറുടെ സഹായികൾ ആയിരുന്നു ഓമനക്കുട്ടനും മനുവും. ഡോക്ടറുടെ വീടിനോട് ചേർന്ന കെട്ടിടത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയിൽ തലപൊട്ടി രക്തം വാർന്ന നിലയിൽ കണ്ട ഓമനക്കുട്ടനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുറത്ത് പോയ ഓമനക്കുട്ടൻ എപ്പോഴാണ് വന്നതെന്നും എങ്ങിനെയാണ് മുറിവ് പറ്റിയതെന്നും അറിയില്ലെന്നായിരുന്നു മനു പൊലീസിനോട് ആദ്യം പറഞ്ഞത്.

ഈ മൊഴി തുടക്കം മുതൽ വിശ്വസിക്കാതിരുന്ന പൊലീസ് മനുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ മനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രാത്രിയിൽ തർക്കമുണ്ടായെന്നും അതിനിടെ ഓമനക്കുട്ടൻ തടിക്കഷണം ഉപയോഗിച്ച് അടിച്ചുവെന്നും ചോദ്യം ചെയ്യലിൽ മനു സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുണ്ടറ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.