px
ജീർണ്ണിച്ച് നിലംപൊത്താറായ കുലശേഖരപുരം കുടുംബം ആരോഗ്യ ഉപകേന്ദ്ര കെട്ടിടം

തഴവ: കണ്ടാൽ ഒരു ഭാർഗവീനിലയം പോലെ തോന്നും,​ വള്ളിപ്പടർപ്പുകൾ പടർന്ന് പന്തലിച്ച് ,​ തകടന്നടിഞ്ഞ് കിടക്കുന്ന ഒരു പഴയ കെട്ടിടം. കുലശേഖരപുരം പഞ്ചായത്തിലെ ആദ്യ കുടുംബ ആരോഗ്യ ഉപകേന്ദ്രമാണ് മണ്ണടിഞ്ഞുകിടക്കുന്ന ഈ കെട്ടിടം. ഗ്രാമ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് തന്നെയാണ് ഈ സർക്കാരിന്റെ സ്വന്തം കെട്ടിടവും നിലകൊള്ളുന്നത്. കെട്ടിടം നിലംപരിശായെങ്കിലും ഉപകേന്ദ്രത്തിന്റെ ബോർഡ് മാത്രം ഇളക്കം തട്ടാതെ തൂക്കിയിടത്തുതന്നെയുണ്ട്. ഉപയോഗശൂന്യമായ ഈ കെട്ടിടം ഒന്ന് പൊളിച്ചുമാറ്റാൻ പോലും ഒരുനടപടിയും ഇല്ല.

100 കണക്കിന് കുടുംബങ്ങൾക്ക്

ആശ്രയമായിരുന്നു

കുലശേഖരപുരം ആദിനാട് വടക്ക്, നീലികുളം, ആദിനാട് തെക്ക്, കോട്ടയ്ക്കുപുറം, പുന്നക്കുളം വാർഡുകളിലെ നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ഈ ഉപകേന്ദ്രത്തിന്റെ സേവനം ആദ്യഘട്ടത്തിൽ പ്രയോജനപ്പെട്ടിരുന്നത്.

ഈ പ്രദേശത്തെ കുട്ടികൾക്കുള്ള ആഹാരസാധനങ്ങൾ ഇവിടെ നിന്നായിരുന്നു വിതരണം ചെയ്തിരുന്നത് കൂടാതെ വിവിധ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾക്കും ഗ്രാമവാസികൾ ഈ ഉപ കേന്ദ്രത്തേയാണ് ആശ്രയിച്ചിരുന്നത്.

ഇടുങ്ങിയ മുറിയിൽ ആരോഗ്യ കേന്ദ്രം

പഞ്ചായത്ത് കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒരു ഇടുങ്ങിയ മുറിയിലാണ് ഉപകേന്ദ്രം നില നിർത്തിയിരിക്കുന്നത്.വൈദ്യസഹായത്തിനെത്തുന്നവർക്ക് നിൽക്കാനോ,​ ഇരിക്കാനോ പോലും ഇടമില്ലാത്ത അവസ്ഥയാണ്.

100ഓളം രോഗികൾക്ക്

ആഴ്ചയിൽ 1 ദിവസം ഡോക്ടർ

അസൗകര്യങ്ങൾ മാത്രം

1. ഇരിക്കാനിടമില്ല

2. പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ല

2. കെട്ടിടാവശിഷ്ടങ്ങളും മാലിന്യങ്ങളും നിറഞ്ഞ അന്തരീക്ഷം

അധികൃതരുടെ അനാസ്ഥ

പഞ്ചായത്ത് ഓഫീസിനോട് ചേർന്നു നിൽക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന്റെ പൊളിഞ്ഞ കെട്ടിടം നാട്ടുകാർക്ക് തന്നെ നാണക്കേടായിരിക്കുകയാണ്. ഉപകേന്ദ്രത്തിന്റെ സേവനം പ്രതീക്ഷിക്കുന്ന നിരവധിപ്പേർ ഇവിടെയുണ്ടെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അധികൃതർ അനാസ്ഥ തുടരുന്നത്. ഉപകേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഇനിയും തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്യം നൽകും

കെ.എസ് പുരം രാജേഷ്

പ്രസിഡൻ്റ് പഞ്ചായത്ത് മുക്ക് പൗരസമിതി.

അനാസ്ഥയുടെ സ്മാരകം

ഗ്രാമ പഞ്ചായത്ത് അധികൃതരുടെ മൂക്കിന് താഴെ തകർന്ന് നിലംപൊത്താറായി നിൽക്കുന്ന കുടുംബ ആരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിടം അനാസ്ഥയുടെ സ്മാരകമാണ്. സ്വന്തം വീടിനെ ഒഴിവാക്കിനിർത്തി വികസനം ആസൂത്രണം ചെയ്യുന്നതു പോലെയുള്ള വലിയ വൈകല്യമാണ് ഈ കെട്ടിടത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നത്. പഴയ കെട്ടിടം പൊളിച്ച് നീക്കി പുതിയ കെട്ടിടം നിർമ്മിക്കാൻ സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും. നീലികുളം സദാനന്ദൻ പ്രസിഡൻറ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓച്ചിറ .