bar

കൊല്ലം: ബാറുകളിൽ മദ്യവില്പന പൊടിപൊടിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അരലക്ഷത്തോളം ബാർ, ബിയർ ആൻഡ് വൈൻ പാർലറുകളിലെ ജീവനക്കാർ ദുരിതത്തിൽ. ഇവർക്ക് സർക്കാരിൽ നിന്നോ തൊഴിലുടമകളിൽ നിന്നോ ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് പരാതി. സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ ജോലി നഷ്ടപ്പെട്ട മൂന്ന് ബാർ തൊഴിലാളികളാണ് ജീവനൊടുക്കിയത്.

കടുത്തുരുത്തി വെള്ളാശേരി രാജു ദേവസ്യ, കോട്ടയം സ്വാമിക്കല്ല് സ്വദേശി ജിഷ്ണു ഹരിദാസ്, മറ്റം കണ്ടിയിൽ വീട്ടിൽ ബാലകൃഷ്ണൻ എന്നിവരാണ് ആത്മഹത്യ ചെയ്ത്‌ത്.

ബെവ്കോ ആപ്പ് വഴി പാഴ്സലായി മദ്യവിതരണം തുടങ്ങിയെങ്കിലും മിക്ക ബാറുകളിലും ഉടമകളുടെ ആശ്രിതരെ മാത്രമാണ് ജോലിക്കെടുത്തതെന്ന് തൊഴിലാളികൾ പറയുന്നു. റൊട്ടേഷൻ വ്യവസ്ഥയിൽ നാലോ അഞ്ചോ തൊഴിലാളികളെ മാറി മാറി പാഴ്സൽ വിതരണത്തിന് നിയോഗിച്ചാൽ പോലും ഇവ‌ർക്ക് ആശ്വാസമാകും.

ജീവിതം വഴിമുട്ടിയതോടെ തൊഴിലാളികൾ 'ബാർ ചങ്ക്സെന്ന' പേരിൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും നിവേദനം നൽകി. കൊവിഡ് കാലത്ത് തൊഴിലാളികളുടെ ശമ്പളം നിഷേധിക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അരിവാങ്ങാനുള്ള പണംപോലും ലഭിച്ചിട്ടില്ലെന്ന് നിവേദനത്തിൽ പറയുന്നു. സർക്കാർ 5000 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരു തൊഴിലാളിക്കും ലഭിച്ചിട്ടില്ല. ബാർഹോട്ടൽ ക്ഷേമനിധിയിൽ നിന്ന് സഹായം ലഭിക്കുമെന്ന പ്രഖ്യാപനവും ഗുണം ചെയ്തില്ല. ബാറുടമകളുടെ ബന്ധുക്കളോ വിശ്വസ്തരോ ആയവരെ മാത്രമാണ് ക്ഷേമനിധിയിൽ അംഗങ്ങളാക്കുന്നതെന്നും ആരോപണമുണ്ട്.

50,​000 തൊഴിലാളികൾ

സംസ്ഥാനത്തിന് കോടികളുടെ വരുമാനം ലഭ്യമാക്കിയിരുന്ന ബാർ, ബിയർ ആൻഡ് വൈൻ പാർലറുകളിൽ ബാർമാൻ ബില്ലിംഗ്, സർവീസിംഗ്, റിസപ്ഷൻ, കിച്ചൺ, ഹൗസ് കീപ്പിംഗ്, ക്ളീനിംഗ് വിഭാഗങ്ങളിലായി അരലക്ഷത്തോളം പേരാണ് ജോലി ചെയ്തിരുന്നത്. അവരെ ആശ്രയിച്ച് കഴിയുന്ന രണ്ട് ലക്ഷത്തോളം കുടുംബങ്ങളും സംസ്ഥാനത്തുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ മദ്യം പാഴ്സൽ നൽകുന്ന ജോലിയിൽ തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തുകയോ സർക്കാരിൽ നിന്ന് ആശ്വാസ ധനസഹായം ലഭ്യമാക്കുകയോ ചെയ്യണം.

കെ. രാജേഷ് കുമാർ, പ്രസിഡന്റ്

ടി.എസ്. സുരേഷ് കുമാർ, സെക്രട്ടറി

ബാർ ചങ്ക്സ് (കേരള ബാർ ഹോട്ടൽ തൊഴിലാളി കൂട്ടായ്മ)