ഒരേ സമയം മാർച്ച്, ധർണ, കോലം കത്തിക്കൽ
കൊല്ലം: കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും മുദ്രാവാക്യം മുഴക്കി തെരുവിലേക്കിറങ്ങാൻ വിഷയം തേടി അലയേണ്ട ബുദ്ധിമുട്ട് ഇപ്പോൾ മുന്നണികൾക്കില്ല. ദിനംപ്രതി പുതിയ വിഷയങ്ങൾ, പുതിയ സമരങ്ങൾ!. ജില്ലയിലാകെ സമരങ്ങളുടെ വേലിയേറ്റമാണ്. ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നിന്ന് സിവിൽ സ്റ്റേഷന് മുന്നിലൂടെ ഗ്രാമ വഴികളിലാകെ പടരുകയാണ് ഭരണകക്ഷിക്കെതിരായ വിവിധ വിഷയങ്ങളിലുള്ള സമരങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ സമരങ്ങളും പ്രതിഷേധങ്ങളും പതിവാണ്. എന്നാൽ കൊവിഡ് കാലത്തും സമാനതകളില്ലാത്ത പ്രതിഷേധ സ്വരങ്ങളാണ് നാടാകെ ഉയരുന്നത്. കേന്ദ്ര സർക്കാർ നയങ്ങൾക്കും ഇന്ധന വില വർദ്ധനവിനുമെതിരെ ഒരാഴ്ച മുമ്പ് വരെ കോൺഗ്രസും സി.പി.എമ്മും മത്സരിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം.
പുതിയ ആയുധവുമായി കോൺഗ്രസും ബി.ജെ.പിയും
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര പാഴ്സൽ വഴി കോടികളുടെ സ്വർണമെത്തിച്ച പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന വിമർശന മുനകളുമായാണ് ഇപ്പോൾ കോൺഗ്രസും ബി.ജെ.പിയും സമരം നടത്തുന്നത്. ജില്ലാ ആസ്ഥാനം മുതൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ വരെ ഒരേ സമയം മാർച്ചുകളും ധർണകളും കോലം കത്തിക്കലും തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ബി.ജെ.പി സമരങ്ങളിൽ കൂടുതൽ പ്രവർത്തകരുടെ പങ്കാളിത്തവുമുണ്ടായിരുന്നു.
സമൂഹ മാദ്ധ്യമങ്ങളിലും പോര്
തെരുവുകളിലെ പ്രതിഷേധങ്ങൾക്കൊപ്പം സമൂഹ മാദ്ധ്യമങ്ങളിലെ ഇടപടലും തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു തന്നെയാണ്. ആരോപണങ്ങൾ ഉന്നയിക്കാനും അതിനെ പ്രതിരോധിക്കാനും കൃത്യമായ ആസൂത്രണവും മുന്നൊരുക്കങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 11 തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് ഭരണം ലഭിക്കാതെ പോയത്. ആ കുറവ് മറികടന്ന് പരമാവധി വിജയം ലക്ഷ്യമിട്ടാണ് യു.ഡി.എഫിന്റെ കേന്ദ്രീകൃത സമരം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ സർക്കാരിനെതിരായ വിഷയങ്ങളെ താഴേത്തട്ടിലെ പ്രതിഷേധങ്ങളിലൂടെ ചർച്ചയാക്കാനാണ് യു.എഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്.