health
നഗരസഭാ ആരോഗ്യ വിഭാഗം കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു

 15 കിലോ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു

കൊല്ലം: നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ 15 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. നിരോധനത്തെ തുടർന്ന് അപ്രത്യക്ഷമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊവിഡ് കാലത്ത് ഒരുവിഭാഗം കച്ചവടക്കാർ കൂട്ടത്തോടെ എത്തിച്ച് വിറ്റഴിക്കുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നടക്കം രഹസ്യമായി പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എത്തിക്കുന്നവർ കൊവിഡ് കാലത്ത് പരിശോധനകളൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞാണ് കച്ചവടക്കാർക്ക് വിറ്റിരുന്നത്. ഇവരാകട്ടെ ക്യാരി ബാഗുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് വൻവില ഈടാക്കും. പൊതുജനങ്ങളിൽ നിന്നുള്ള പരാതി വ്യപകമായതോടെ നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ആരോഗ്യവിഭാഗം രാവിലെ 10 മുതൽ പരിശോധന ആരംഭിച്ചത്.

ശക്തികുളങ്ങര, തൃക്കടവൂർ, കിളികൊല്ലൂർ, വടക്കേവിള എന്നിവിടങ്ങളിലെ പൊതുമാർക്കറ്റുകൾ, ചില്ലറ വിൽപ്പനശാലകൾ, പഴം - പച്ചക്കറി മാർക്കറ്റുകൾ, മത്സ്യവ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെ 45 ഓളം സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്. സുരേഷ്, ജി. സാബു, തുളസിദാസ്, ജൂനിയർ ഹെൽത്ത് ഇസ്പെക്ടർമാരയ എൽ. പ്രതീക്ഷ, ജയ്സി വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 പ്ളാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടുന്നതിന് വരുംദിവസങ്ങളിലും സ്ഥാപനങ്ങളിൽ കർശന പരിശോധനകൾ തുടരും

ഡോ. ദർശന സുരേഷ്, ഹെൽത്ത് ഓഫീസർ