തിരുവനന്തപുരം: കൊവിഡ് ഭീതിയിൽ ജനജീവിതം ദുസഹമായിരിക്കേ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസിന്റെ പേരിൽ വാഹന ഉടമകളെ സ്വകാര്യ കമ്പനികൾ കൊള്ളയടിക്കുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സുരക്ഷാ മിത്ര പദ്ധതിയുടെ ഭാഗമായി വാഹനങ്ങളിൽ ജി.പി.എസ് സഹായത്തോടെയുള്ള ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കുന്നതിന്റെ മറവിലാണ് പകൽക്കൊള്ള. വാഹന ഉടമകളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ 23 അംഗീകൃത കമ്പനികളുടെ ഉപകരണങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ചില കമ്പനികളും ഇടനിലക്കാരുമാണ് കൊള്ളയടി നടത്തുന്നത്. പുതുതായി പുറത്തിറങ്ങുന്നവയ്ക്കൊപ്പം ഫിറ്റ്നസ് ടെസ്റ്റിനെത്തുന്ന വാഹനങ്ങൾക്കും ജി.പി.എസ് നിർബന്ധമാണ്. ജി.പി.എസ് സംവിധാനം ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. ഇതു മുതലെടുത്താണ് നിലവാരം കുറഞ്ഞ ജി.പി.എസ് ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് വിൽക്കുന്നത്.
ഈടാക്കുന്നത് 7000 മുതൽ 8000 വരെ
കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ട്രാക്കിംഗ് ഡിവൈസ് 5000 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കേ ചില കമ്പനികൾ കൊവിഡിന്റെ പേരിൽ കൃത്രിമ ക്ഷാമമുണ്ടാക്കി 7000 മുതൽ 8000 രൂപവരെയാണ് ജി.പി.എസ് ഉപകരണത്തിന് ഈടാക്കുന്നത്.
സംവിധാനം ആവശ്യമായത്
പൊതുഗതാഗത വാഹനങ്ങൾ
സ്‌കൂൾ ബസുകൾ,
ടാക്സി കാറുകൾ
നാലോ അതിലേറെയോ ചക്രങ്ങളുള്ള മറ്റ് വാഹനങ്ങൾ
ലക്ഷ്യം
വാഹനത്തിന്റെ ലൊക്കേഷൻ തിരിച്ചറിയാം
ട്രാഫിക് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാം
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാം
അപകടത്തിൽപ്പെട്ടാൽ ഉടൻ വിവരം കൺട്രോൾ റൂമിലെത്തും
പരമാവധി 5000 രൂപയാണ് ഇതിന്റെ വില. അതിൽ കൂടുതൽ പണം ആവശ്യപ്പെട്ടാൽ മറ്രൊരു കമ്പനിയുടെ ഉപകരണം വാങ്ങാം. കൊവിഡ് കണക്കിലെടുത്ത് ടാക്സി ക്യാബുകൾക്കും മറ്റും സമയം നീട്ടിനൽകിയിട്ടുണ്ട്. അമിത വില ഈടാക്കുന്നെന്ന പരാതിയിൽ അന്വേഷണം നടത്തും.
രാജീവ് പുത്തലത്ത്,
ജോയിന്റ് ട്രാൻ. കമ്മിഷണർ.