കൊല്ലം: ശർക്കരയും പഴവും പൈനാപ്പിളും കഴിച്ച് തൃപ്തിയടഞ്ഞ കരിവീരന്മാർ മന്ത്രിയെ സല്യൂട്ട് ചെയ്ത് തങ്ങളുടെ സന്തോഷം അറിയിച്ചു. മന്ത്രിയുടെ പ്രത്യഭിവാദ്യം കൂടി ലഭിച്ചതോടെ ഉഷാറായി മേനികുടഞ്ഞ് തലയെടുപ്പ് കാട്ടാനും അവ മടിച്ചില്ല.
ലോക്ക്ഡൗൺ കാലത്ത് സിവിൽ സപ്ളൈസ്, വനം, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ ആനകൾക്ക് ലഭ്യമാക്കുന്ന റേഷൻ വിതരണ ചടങ്ങിലായിരുന്നു കരിവീരന്മാരുടെ ആഹ്ളാദ പ്രകടനം നടന്നത്. പരവൂർ പുത്തൻകുളം ഗവ. മൃഗാശുപത്രി അങ്കണത്തിൽ ഉദ്ഘാടകനായെത്തിയ മന്ത്രി കെ. രാജുവിന് മുന്നിലായിരുന്നു പുത്തൻകുളം അനന്ത പദ്മനാഭൻ, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്.
പദ്ധതി പ്രകാരം ചാത്തന്നൂർ, പനവേലി, ശക്തികുളങ്ങര, ചെമ്മക്കാട്, ആദിച്ചനല്ലൂർ, എഴുകോൺ, കൊറ്റംകര, പരവൂർ, പുത്തൻകുളം, ചിറക്കര, കുഴിമതിക്കാട്, കൊട്ടാരക്കര, പന്മന, മയ്യനാട്, കൊല്ലം എന്നിങ്ങനെ 15 സർക്കാർ മൃഗാശുപത്രികൾ കേന്ദ്രീകരിച്ചാണ് ആനകൾക്ക് തീറ്റ ലഭ്യമാക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സി. മധു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. സുഷമകുമാരി, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, അസി. കൺസർവേറ്റർ ഹീരലാൽ, മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർമാരായ ഡോ. ഡി. ഷൈൻകുമാർ, ഡോ. ബി. അജിത് ബാബു, വെറ്ററിനറി സർജൻ ഡോ. അലോഷ്യസ് എന്നിവർ പങ്കെടുത്തു.
40 ദിവസത്തെ പദ്ധതി
ആനയൊന്നിന് ദിവസം 400 രൂപ വീതം 40 ദിവസത്തേക്ക് 16,000 രൂപയാണ് റേഷനായി അനുവദിച്ചിരിക്കുന്നത്. ജില്ലയിൽ 43 മുതിർന്ന ആനകളും 2 കുട്ടിയാനകളും ഉൾപ്പെടെ 45 നാട്ടാനകൾക്കാണ് തീറ്റ നൽകുന്നത്.
ആനയൊന്നിന് പ്രതിദിനം ലഭിക്കും
3 കിലോ അരി
4 കിലോ ഗോതമ്പ്
3 കിലോ റാഗി
അരക്കിലോ മുതിര
അരക്കിലോ കടല
100 ഗ്രാം ഉപ്പ്
10 ഗ്രാം മഞ്ഞൾ
150 ഗ്രാം ശർക്കര