കൊല്ലം:പതിറ്റാണ്ടുകൾ പഴക്കമുള്ള കരഭൂമി റവന്യൂ രേഖകളിൽ നെൽവയലായി തുടരുന്ന പിശക് തിരുത്തി ഭൂമിയുടെ ഇനം മാറ്റാനുള്ള സർക്കാരിന്റെ പുതിയ നിയമം സാധാരണക്കാരെ നെട്ടോട്ടമോടിക്കുന്നു.
ആളുകളുടെ നട്ടെല്ലൊടിക്കുന്ന ഭാരിച്ച ഫീസാണ് ഒടുക്കേണ്ടത്. മാസങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയും വേണം. വിറ്റ് കടം തീർക്കാനും വീട് വയ്ക്കാനുമൊക്കെ ഭൂമിയുടെ ഇനം മാറ്റാൻ ഇറങ്ങിത്തിരിച്ചവർ നടപടിക്രമങ്ങളുടെ നൂലാമാലയിൽ കുരുങ്ങി തളരുന്നു.
ബ്രിട്ടീഷ് കാലത്തെ സെറ്റിൽമെന്റ് രജിസ്റ്ററിൽ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ള കരപുരയിടങ്ങളുടെ ഇനം മാറ്റാൻ ഒന്നര വർഷം മുൻപാണ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്.
നൂലാമാല ഇങ്ങനെ
ആദ്യം 1000 രൂപ ഫീസടച്ച് ആർ.ഡി.ഒയ്ക്ക് അപേക്ഷ നൽകണം.
സ്വകാര്യ ഏജൻസിക്ക് ആയിരം രൂപ നൽകി 2008ന് മുൻപുള്ള ഭൂമിയുടെ സാറ്റലൈറ്റ് ദൃശ്യവും എടുത്ത് നൽകണം.
അപേക്ഷയിൽ ആർ.ഡി.ഒ വില്ലേജ് ഓഫീസറോടും കൃഷി ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെടും.
രണ്ട് പേരും സ്ഥലത്തെത്തിയും, പഴയ രേഖകളും കൃഷി വകുപ്പിന്റെ നെൽവയൽ ഡേറ്റാ ബാങ്കും പരിശോധിക്കും
2008ന് മുൻപേ കരപുരയിടമാണെന്ന് ബോദ്ധ്യമായാൽ അനുകൂല റിപ്പോർട്ട് നൽകും.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒ ഭൂമിയുടെ ഇനം മാറ്റാൻ ഉത്തരവിടുന്നത്. രേഖകളിൽ അവ്യക്തതയുള്ള ഭൂമിയാണെങ്കിൽ റീ സർവേ തഹസിൽദാർ ഓഫീസിലേക്കടക്കം പലയിടങ്ങളിലേക്കും ഫയൽ പോകും.അതിന് പിന്നാലെ നടക്കണം.
ഫീസ് ഇങ്ങനെ
കോർപറേഷനിൽ ന്യായവിലയുടെ 30%
മുനിസിപ്പാലിറ്റിയിൽ 20%
പഞ്ചായത്തിൽ 10%
ഡേറ്റാ ബാങ്കിലൂടെ പ്രശ്നം തീർക്കാം
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വീട് സ്ഥിതി ചെയ്യുന്ന ഭൂമി പോലും റവന്യൂ രേഖകളിൽ നെൽവയലായതിനാൽ ആരും വാങ്ങാൻ തയ്യാറാകുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ ഭൂസ്വത്തുക്കളുണ്ടായിട്ടും വിറ്റ് കടം വീട്ടാനാകാത്തതിനാൽ പല ഭൂഉടമകളും ആത്മഹത്യയുടെ വക്കിലാണ്. വീട് വയ്ക്കാൻ അനുമതി തേടി തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുമ്പോഴാണ് പലരും പ്രശ്നമറിയുന്നത്. നെൽവയലുകൾ തിട്ടപ്പെടുത്താനും സംരക്ഷിക്കാനും കൃഷിവകുപ്പ് ശാസ്ത്രീയമായി തയ്യാറാക്കിയ ഡേറ്റാ ബാങ്ക് നിലവിലുണ്ട്. ഇതടിസ്ഥാനമാക്കി ഇനം മാറ്റാവുന്നതേയുള്ളൂ.
കരപുരയിടങ്ങൾ രേഖകളിൽ നിലമായി തുടരുന്നത് മാറ്റിക്കിട്ടാനുള്ള നിരവധി അപേക്ഷകളിൽ വില്ലേജ് ഓഫീസർമാരുടെ റിപ്പോർട്ട് ലഭിക്കാനുണ്ട്. ഇത്തരം അപേക്ഷകൾ രണ്ട് മാസത്തിനകം തീർപ്പാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
-ഹരീന്ദ്രൻ
ആർ.ഡി.ഒ,കൊല്ലം