കൊല്ലം: കൃഷി ഓഫീസർമാരില്ല, കൊട്ടാരക്കര ബ്ളോക്ക് പരിധിയിൽ സുഭിക്ഷ കേരളം പദ്ധതി താളം തെറ്റുന്നു.
വിത്തും വളവും സാമ്പത്തിക സഹായവുമൊക്കെ പ്രതീക്ഷിച്ചാണ് കർഷകരും പുതുകർഷകരും മണ്ണിലേക്കിറങ്ങാൻ തീരുമാനിച്ചത്. തരിശ് ഭൂമികളിൽ കൃഷിയിറക്കാൻ യുവജന സംഘടനകളും ഗ്രന്ഥശാലകളും സമുദായ സംഘടനകളും ക്ഷേത്രഭരണസമിതികളുമൊക്കെ മുന്നോട്ടുവരുന്ന സാഹചര്യത്തിൽ അവർക്ക് വേണ്ട നിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകാൻ കൃഷി ഓഫീസർമാരില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നെൽക്കൃഷിയ്ക്ക് വിത്തും വളവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും വേണ്ട സമയത്ത് ലഭ്യമാക്കാൻ കഴിയുന്നില്ല. കാറ്റും മഴയും കനത്ത നാശം വിതച്ച കൃഷിയിടങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തുന്നില്ല. നഷ്ടങ്ങളുടെ കണക്കുപുസ്തകം മാറ്റി കാർഷിക ലാഭത്തിന് നാളെണ്ണിയിരുന്നവർ ഇപ്പോൾ സങ്കടപ്പെടുകയാണ്. ഓണത്തിന് ഒരുമുറം പച്ചക്കറിപോലും വിളയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൊവിഡ് ദുരിതങ്ങൾക്കിടയിൽ കൂടുതൽ വിഷമങ്ങളുണ്ടാക്കും. അടിയന്തിരമായി കൃഷി ഓഫീസർമാരെ നിയമിക്കാൻ സർക്കാർ നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
സുഭിക്ഷ കേരളം പദ്ധതി
നെൽക്കൃഷിസമ്മിശ്രകൃഷിപച്ചക്കറി കൃഷിയടക്കം ഒട്ടേറെ പദ്ധതികളാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.
കരീപ്രയിലും
വെളിയത്തും മാത്രമാണ് നിലവിൽ കൃഷി ഓഫീസർമാരുള്ളത്.
കരീപ്ര കൃഷി ഓഫീസർക്ക്
കൊട്ടാരക്കര ഡെപ്യൂട്ടി ഡയറക്ടറുടെയും
എഴുകോൺ, നെടുവത്തൂർ കൃഷിഭവനുകളുടെയും
അധികചുമതല നൽകിയിരിക്കയാണ്.
വെളിയം കൃഷി ഓഫീസർക്ക്
കൊട്ടാരക്കര കൃഷിഭവന്റെയും ചുമതല നൽകി.
പൂയപ്പള്ളി കൃഷി ഓഫീസർ
തിരുവനന്തപുരം സ്വദേശിയായതിനാൽ
വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്