കരുനാഗപ്പള്ളി : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെയും അപകീർത്തിപ്പെടുത്താനുള്ള തല്പര കക്ഷികളുടെ നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യപ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്ക് വിധേയമായി യൂണിയൻ ഓഫീസിന് മുന്നിൽ നടന്ന പരിപാടിയിൽ ശാഖകളിൽ നിന്ന് തിരഞ്ഞടുത്ത പ്രവർത്തകർ പങ്കെടുത്തു. യോഗ നേതൃത്വത്തെ കരിവാരിത്തേക്കാനുള്ള എതിരാളികളുടെ നീക്കത്തിനെതിരെ ശാഖാ - യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ശക്തമായി പ്രതിരോധിക്കണമെന്ന് യൂണിയൻ സെക്രട്ടറി എ. സോമരാജൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് നീലികുളം സിബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, കളരിയ്ക്കൽ എസ്. സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ശ്രീകുമാർ, അഡ്വ. മധു, ക്ലാപ്പന രാധാകൃഷ്ണൻ, എൻ. ബാബു, ഡോ. കെ. രാജൻ, കെ. സദാനന്ദൻ, രഘുനാഥ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ടി.ഡി. ശരത്ചന്ദ്രൻ, വിനോദ്, രഞ്ജിത്ത് എസ്.എസ്. ബാബു എന്നിവർ പ്രസംഗിച്ചു.