covid

കൊല്ലം: പൂന്തുറ സ്വദേശിനിയായ ജില്ലാ ആശുപത്രിയിലെ ശുചീകരണ ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിനും മകനും ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലാ ആശുപത്രിയിൽ തന്നെ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ ജീവനക്കാരി കൊവിഡ് പോസിറ്റീവായിരുന്നു. ഇന്നലെ ദേശീയ വൈറോളജി ലാബിലെ ഫലം വന്നതോടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരിയുമായി ഹോസ്റ്റൽ മുറിയിൽ ഒപ്പം കഴിഞ്ഞിരുന്നവരടക്കം 6 ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. പൂന്തുറ സ്വദേശിനി ഭർത്താവിനും മകനുമൊപ്പം തിരുവനന്തപുരം വട്ടപ്പാറയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലാണ്. ഇവരുമായി സഹകരിച്ച 30 ജീവനക്കാരിൽ കൊവിഡ് കണ്ടെത്താനുള്ള ആന്റിജൻ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവാണ്. അടുത്ത് സഹകരിച്ച് പത്ത് പേരുടെ സ്രവം വിശദ പരിശോധനയ്ക്ക് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

അവധി ചോദിച്ചിട്ടും നൽകിയില്ലെന്ന് ആരോപണം

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജീവനക്കാരി ആശുപത്രി അധികൃതരോട് അവധി ചോദിച്ചിരുന്നു. എന്നാൽ ഏത് വിധേനയും വന്നേ പറ്റുള്ളൂവെന്ന് ആശുപത്രി അധികൃതർ വാശിപിടിച്ചതായി ആരോപണമുണ്ട്. തിങ്കളാഴ്ച മകൻ ബൈക്കിലാണ് ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് നഴ്സിംഗ് സ്കൂൾ ഹോസ്റ്റലിൽ തങ്ങുകയായിരുന്നു. കണ്ടെയിൻമെന്റ് സോണുകളിൽ നിന്നെത്തുന്നവർക്ക് പോലും അവധി നൽകണമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ജീവനക്കാരിക്ക് അവധി നിഷേധിച്ചത്.

കൊവിഡ് പ്രോട്ടോക്കോൾ ബാധകമല്ലേ !

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളൊന്നും ജില്ലാ ആശുപത്രിയിൽ നടപ്പാക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. മറ്റ് പ്രധാന ആശുപത്രികളിലെല്ലാം ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും വിവിധ പൂളുകളായി തിരിച്ച് ഒരു വിഭാഗത്തെ നിശ്ചിത ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിറുത്താറുണ്ട്. ജില്ലാ ആശുപത്രിയിൽ ഇത് നടപ്പാക്കിയിട്ടില്ല.

ആശങ്ക വേണ്ട

നഴ്സുമാർ, രോഗികൾ, ഡോക്ടർമാർ എന്നിവരുമായി കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരി ഇടപെട്ടിട്ടില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ജില്ലാ ആശുപത്രി അധികൃതർ പറയുന്നത്.

 30 ജീവനക്കാർ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ്

 6 ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ

 10 പേരുടെ സ്രവം വൈറോളജി ലാബിലേക്കയച്ചു