gold

കൊല്ലം: സ്വർണക്കടത്തുകേസുകളിൽ കൊല്ലം ജില്ലയിൽ നിന്നുള്ള പല വമ്പന്മാരും ഉൾപ്പെടുന്നതായി സൂചന. കൊട്ടാരക്കര, കരുനാഗപ്പള്ളി, വവ്വാക്കാവ്, പാരിപ്പള്ളി , കൊല്ലം സ്വദേശികളാണ് സ്വർണക്കടത്തിന്റെ കണ്ണികളായി വർഷങ്ങളായി പ്രവർത്തിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരുടെ അടുപ്പക്കാരായ ഇവർക്ക് വിവാദമായ സ്വർണക്കടത്ത് കേസിലും പരോക്ഷ ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 2006ൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ കൊല്ലം എസ്.പിയും സംഘവും പൂനെയ് സ്വദേശികളായ രണ്ട് യുവാക്കളെ കരുനാഗപ്പള്ളിക്ക് സമീപത്ത് നിന്ന് രഹസ്യമായി അറസ്റ്റു ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. 2017 ൽ മംഗളൂരു വിമാനത്താവളത്തിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങിയത് വവ്വാക്കാവുകാരനായ ഒരാളുടെ ജാമ്യത്തിലാണ്.
ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യുവനേതാവിന് കുഴൽപ്പണം, സ്വർണക്കടത്ത് സംഘങ്ങളുമായി ഇപ്പോഴും വലി ബന്ധമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന. നിരവധി തവണ ഇയാളിലേക്ക് അന്വേഷണമെത്തിയിട്ടും വലിയ നേതാക്കൾ ഇടപെട്ട് തടയുകയായിരുന്നു. പൊലീസിലെ പ്രമുഖർക്കും പല രാഷ്ട്രീയ നേതാക്കൾക്കും ഇയാൾ തുടർച്ചയായി ലക്ഷങ്ങൾ കൈക്കൂലി നൽകുന്നുണ്ട്. കൊല്ലത്തെ ഒരു വ്യവസായിക്ക് ബംഗളൂരുവിൽ നിരവധി സ്വർണക്കടത്തുകാരുമായി ബന്ധമുണ്ട്. ഇദ്ദേഹം കരുനാഗപ്പള്ളി, ഓച്ചിറ, വവ്വാക്കാവ്, ആയൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി നിരവധി യുവാക്കളെ ബംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. ഇവർ അവിടെ പിടിയിലായാലും നാട്ടിൽ അറിയാത്തതിനാൽ ജാമ്യത്തിലിറങ്ങി ഇപ്പോഴും സജീവമായി സ്വർണക്കടത്തിന്റെ കണ്ണികളാവുന്നുണ്ട്.

തേഞ്ഞുമാഞ്ഞു പോകുന്ന കേസുകൾ

കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 18 പേർ അറസ്റ്റിലായിരുന്നു. ഇതിൽ നാലുപേർ കൊല്ലം ജില്ലക്കാരാണ്. പിന്നീട് സ്വർണക്കടത്ത് കേസിലും ഇതേ നാലുപേർ ബംഗളൂരുവിൽ അറസ്റ്റിലായിരുന്നു. ഇവരെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്റ്‌സ് ചോദ്യം ചെയ്തപ്പോഴാണ് കൊല്ലത്തെ ചില പ്രമുഖരുടെ പേരുകൾ ഇവർ പറയുന്നത്. എന്നാൽ കേസുമായി ബന്ധപ്പെടുത്താനുള്ള തെളിവുകളുടെ അഭാവവും രാഷ്ട്രീയ ബന്ധങ്ങളും കേസിനെ തേയ്ച്ചുമായ്ച്ചു കളഞ്ഞു.