covid

മത്സ്യവ്യാപാരിയുടെ സമ്പർക്കപ്പട്ടിക സങ്കീർണം, അതീവ ജാഗ്രത

കൊല്ലം: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ട നാല് അടുത്ത ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ശാസ്താംകോട്ടയിൽ അതീവ ജാഗ്രത ഏർപ്പെടുത്തി. പള്ളിശേരിക്കലിൽ താമസിക്കുന്ന വ്യാപാരിയുടെ ഭാര്യ, മകൻ, രാജഗിരിയിൽ താമസിക്കുന്ന സഹോദരിയുടെ മരുമകൾ, അവരുടെ ഒമ്പത് വയസുള്ള മകൾ എന്നിവർക്കാണ് ഇന്നലെ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. വ്യാപാരിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 70 പേരെ തിരിച്ചറിഞ്ഞ് ഇവരുടെ സ്രവ പരിശോധന നടത്തുകയാണ് ആരോഗ്യ വകുപ്പ് . ഇന്നലെ രാത്രിയോടെ കൂടുതൽ പരിശോധനാ ഫലങ്ങൾ ലഭ്യമായെന്നാണ് സൂചന. സമ്പർക്ക രോഗ ബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

 കുന്നത്തൂരിലെ കണ്ടെയ്മെന്റ് സോൺ പൂർണമായും അടയ്ക്കും

മത്സ്യവ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ 18 വാർഡുകൾ കണ്ടെയ്മെന്റ് സോണുകളാക്കിയിരുന്നു. ഈ പ്രദേശങ്ങൾ നിലവിലെ സാഹചര്യത്തിൽ പൂർണമായും അടയ്ക്കും. എല്ലാ ഇടറോഡുകളും അടച്ച് ഒരു വഴിയിലൂടെ മാത്രം പുറത്തേക്കും അകത്തേക്കും പോകാൻ അവസരമൊരുക്കും. ആഞ്ഞിലിമൂട്ടിലെയും പരിസരങ്ങളിലെയും എല്ലാ വ്യാപാര കേന്ദ്രങ്ങളും അടപ്പിക്കും. മറ്റിടങ്ങളിൽ അവശ്യ സാധനങ്ങളുടെ വില്പനാ കേന്ദ്രങ്ങൾക്ക് മാത്രം പ്രവർത്തിക്കാം. പൊലീസ് പട്രോളിംഗ് ശക്തമാക്കും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.

 രണ്ടാഴ്‌ചയ്‌ക്കിടെ ചന്തയിൽ പോയവർ

ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

രണ്ടാഴ്‌ചയ്‌ക്കിടെ ആഞ്ഞിലിമൂട് ചന്തയിൽ പോയ എല്ലാവരും പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. രോഗബാധിതനായ മത്സ്യവ്യാപാരി കൂടുതൽ ആളുകളുമായി പ്രാഥമിക സമ്പർക്കം പുലർത്തിയിട്ടുണ്ട്. ബന്ധുക്കൾ, പ്രാർത്ഥനയിൽ പങ്കെടുത്തവർ, ചന്തയിൽ ഒപ്പം വ്യാപാരത്തിൽ ഏർപ്പെട്ടവർ തുടങ്ങിയവരോട് കർശന ഗൃഹ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം നൽകിയത്.

 മെഡിക്കൽ കോളേജ് സംഘം ഇന്നെത്തും

ശാസ്താംകോട്ടയിൽ സമൂഹ വ്യാപന സാദ്ധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ ഏകോപനത്തിനും പരിശോധനയ്ക്കുമായി മെഡിക്കൽ കോളേജ് സംഘം ഇന്നെത്തും. കൂടുതൽ ആംബുലൻസുകൾ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ ഇന്ന് മുതൽ സജ്ജമാക്കും.

ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ജനങ്ങൾ ജാഗ്രത കൈവിടരുത്. നിയന്ത്രണങ്ങളോട് സഹകരിച്ചില്ലെങ്കിൽ പിഴ ഈടാക്കും.

ബി. അബ്ദുൽനാസർ, ജില്ലാ കളക്ടർ

100ൽ അധികം പേർക്ക് റാപ്പിഡ് ടെസ്റ്റ്

നിരവധിയാളുകൾ ആഞ്ഞിലിമൂട് ചന്തയിൽ വന്ന് പോകുന്നതിനാൽ സമൂഹ വ്യാപന സാദ്ധ്യത കണ്ടെത്താൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഇന്നലെ നൂറിലധികം പേർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തി. റാപ്പിഡ് ടെസ്റ്റിൽ പൊസിറ്റീവായാലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സ്രവ പരിശോധനയിൽ മാത്രമേ അന്തിമ ഫലം ലഭിക്കുകയുള്ളൂ.