കൊല്ലം: ചെറുമഴ പെയ്യുമ്പോൾ തന്നെ പതിവായി വെള്ളപ്പൊക്കമുണ്ടാകുന്ന റോഡിൽ ഓട നിർമ്മിച്ച് പ്രശ്നം പരിഹരിക്കാതെ ഇന്റലർലോക്കിട്ട് സ്ഥിതി ഗുരുതരമാക്കുന്നു. കടപ്പാക്കട അക്ഷയ നഗറിലാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്ന വികസനവുമായി നഗരസഭ ഇറങ്ങിയിരിക്കുന്നത്.
ഇവിടെ ഉണ്ടായിരുന്ന ഓട പ്രദേശവാസികളിൽ ചിലർ കൈയേറി അടച്ചതാണ് റോഡ് വെള്ളക്കെട്ടിലാകാൻ കാരണമായത്. മഴ പെയ്യുമ്പോൾ റോഡിൽ പലയിടങ്ങളിലും മുട്ടറ്റം വെള്ളം പൊങ്ങും. പിന്നെ കാൽനട പോയിട്ട് വാഹനങ്ങൾക്ക് പോലും കടന്നുപോകാനാകാത്ത അവസ്ഥയാകും. റോഡ് നിറഞ്ഞ് വശങ്ങളിലെ വീടുകൾക്ക് മുന്നിലും വെള്ളം നിറയുന്നതാണ് നിലവിലെ അവസ്ഥ.
ഓട പുനഃസ്ഥാപിക്കാതെ ഇന്റർലോക്കിടാനുള്ള ആലോചനകൾ തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസികൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എ.ഡി.എം നഗരസഭയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും വിലകൽപ്പിക്കാതെ നിർമ്മാണവുമായി മുന്നോട്ടുപോവുകയാണ്.
നഗരങ്ങളിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ അശാസ്ത്രീയമായി നിർമ്മിച്ച ഓടകൾ പൊളിക്കുന്നതും പുതിയ ഓടകൾ നിർമ്മിക്കുന്നതും സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് പഠനം നടത്തുകയാണ്. അതേസമയം തന്നെയാണ് വെള്ളപ്പൊക്കം ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയുമായി നഗരസഭ മുന്നോട്ട് പോകുന്നത്.
ഇനി സംഭവിക്കുക
ഇന്റർലോക്ക് പാകുമ്പോൾ വക്കിലുള്ള വീടുകളുടെ മുറ്റത്തെക്കാൾ ഉയരത്തിലാകും റോഡ്. മഴ പെയ്യുമ്പോൾ റോഡിലൂടെ മറ്റ് പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം വീട്ടുമുറ്റങ്ങളിൽ നിറയും. ഇന്റർലോക്ക് വരുന്നതോടെ മഴവെള്ളം ഭൂമിയിലേക്ക് താഴാനും കൂടുതൽ സമയമെടുക്കും. ഇതോടെ വെള്ളക്കെട്ട് ദിവസങ്ങളോളം നിലനിൽക്കും. വെള്ളപ്പൊക്കമുള്ള മേഖലയുടെ വ്യാപ്തിയും വർദ്ധിക്കും.
നിർമ്മാണത്തിലും അഴിമതി
കരാറിലുള്ള വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് ഇന്റർലോക്കിടാനുള്ള ഒരുക്കങ്ങൾ. കൊവിഡായതിനാൽ ആരും പരിശോധിക്കാനെത്തില്ലെന്ന ധാരണയിൽ തട്ടിക്കൂട്ടി പണി തീർത്ത് കരാർ തുകയുടെ പകുതിയും പോക്കറ്റിലാക്കി മുങ്ങാനുള്ള ശ്രമത്തിലാണ് കരാറുകാരൻ. പുറത്തുനിന്ന് മണ്ണെത്തിച്ചതടക്കം റോഡ് കൂടുതൽ ബലപ്പെടുത്തണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിലും വെറുതെ റോഡ് കുത്തിയിളക്കിയ ശേഷം പാറപ്പൊടിയും ചിപ്സുമിട്ട് ഇന്റർലോക്ക് പാകാനാണ് ശ്രമം.