kollam

കൊല്ലം: കൊവിഡിന്റെ സമൂഹ വ്യാപനം പടിവാതിൽക്കലെത്തിയെന്ന തിരിച്ചറിവിൽ ജില്ലയിലെങ്ങും കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ബോധവത്കരണത്തിലൂടെ മാത്രം നിയന്ത്രണം ഉറപ്പാക്കാൻ കഴിയില്ലെന്ന ബോദ്ധ്യത്തിൽ കർശന നിയമ നടപടികൾ ഉറപ്പുവരുത്തും. പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ നിയമ ലംഘകരിൽ നിന്ന് പൊലീസ് പിഴ ഈടാക്കും. ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ജില്ലയിലെ പ്രധാന നഗരങ്ങൾ കൊവിഡ് വ്യാപനത്തിന്റെ നിഴലിലാണ്. കൊല്ലം കോർപ്പറേഷന് പുറമേ കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും നിലവിൽ കണ്ടെയ്മെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിൽ അതീവജാഗ്രത തുടരുകയാണ്.

 സ്വയം ചികിത്സയും കൂട്ട പ്രാർത്ഥയും പനി മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ്

ജില്ലയിലെ കൊവിഡ് ബാധിതരിൽ ചിലർ സ്വയം ചികിത്സയും രോഗശാന്തിക്കായി കൂട്ട പ്രാർത്ഥനയും നടത്തിയെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. അസുഖം മാറാനായി രോഗ ബാധിതൻ നടത്തിയ കൂട്ട പ്രാർത്ഥനയിൽ പങ്കെടുത്തവരെല്ലാം നിലവിൽ നിരീക്ഷണത്തിലാണ്. സ്വയം ചികിത്സയും ബുദ്ധിമുട്ട് സൃഷ്ടിച്ചു. പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള പ്രാഥമിക കേന്ദ്രവുമായി ബന്ധപ്പെട്ട് ചികിത്സ തേടണമെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വകുപ്പ്. രോഗ ശാന്തിക്കായി മറ്റ് മാർഗങ്ങൾ തേടിയാൽ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ജാഗ്രതക്കണ്ണിൽ തീരദേശം

അയൽ ജില്ലകളിലെ തീരദേശ മേഖലകളിൽ കൊവിഡ് വ്യാപനമുണ്ടായ പശ്ചാത്തലത്തിൽ ജില്ലയിലെ തീരദേശവും അതീവ ജാഗ്രതയിലാണ്. കൊല്ലത്തെ ഹാർബറുകളിൽ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള ബോട്ടുകൾ അടുക്കുകയും തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വരുകയും ചെയ്തപ്പോഴാണ് ഹാർബറുകൾ അടച്ചത്. ഇതിന് പിന്നാലെ കൊല്ലം, അഴീക്കൽ മേഖലകളിലെ തീരദേശത്ത് നിരീക്ഷണം തുടരുകയാണ്. ഇവിടെ കൂടുതൽ ബോധവത്കരണവും നടത്തുന്നുണ്ട്.

 പിഴ 200 രൂപ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 200

പൊതു ഇടങ്ങളിൽ തുപ്പിയാൽ 200

മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പൊതു ഇടങ്ങളിൽ പെരുമാറിയാൽ 200

(വിവാഹം ഉൾപ്പെടെയുള്ള പൊതു ചടങ്ങുകളിൽ നിയന്ത്രണങ്ങൾ അവഗണിച്ചാൽ കനത്ത പിഴ ഈടാക്കും)

നിയന്ത്രണങ്ങൾ അവഗണിച്ചാൽ പൊലീസ് ഇടപെടും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്

ടി.നാരായണൻ, കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ

നിയമ ലംഘകർക്കെതിരെ കർശന നിയമ നടപടി തുടരും. കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.

എസ്. ഹരിശങ്കർ, കൊല്ലം റൂറൽ എസ്.പി


സാമൂഹിക വ്യാപനം തടയുന്നതിന് അധികൃതരുടെ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം

കോവൂർ കുഞ്ഞുമോൻ എം.എൽ.എ