ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നത് ഗുരുതര ആരോപണങ്ങൾ
തെരുവുവിളക്ക് പരിപാലനത്തിന് ഒരേസമയം രണ്ടുപേർക്ക് പണം
കൊല്ലം: തെരുവുവിളക്ക് പരിപാലനത്തിലടക്കം കൊല്ലം കോർപ്പറേഷനിൽ വമ്പൻ ക്രമക്കേടുകൾ നടക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട്. ആശ്രാമം ലിങ്ക് റോഡിൽ സ്ഥാപിച്ച എൽ.ഇ.ഡി തെരുവുവിളക്കുകളുടെ പരിപാലനത്തിന് സ്ഥാപിച്ചയാളുമായി കരാർ നിലനിൽക്കേ പൊതുപരിപാലന കരാറിലും ഈ ലൈറ്റുകൾ ഉൾപ്പെടുത്തി പതിനായിരങ്ങൾ നൽകുന്നെന്നാണ് പ്രധാന കണ്ടെത്തൽ.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അനുവദിച്ച പണം ഉപയോഗിച്ചാണ് ലിങ്ക് റോഡിലെ പഴയതും കേടായതുമായ തെരുവുവിളക്കുകൾ മാറ്റി പുതിയ 224 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. ലൈറ്റിട്ട കുണ്ടറയിലുള്ള ഏജൻസിയുമായി 2018 മേയിൽ നഗരസഭ ഒപ്പിട്ട കരാർ പ്രകാരം അഞ്ച് വർഷക്കാലത്തെ പരിപാലനവും അവർ തന്നെ ചെയ്യണം. എന്നാൽ നഗരത്തിലെ മറ്റ് തെരുവുവിളക്കുകൾ പരിപാലിക്കാനുള്ള കരാറിലും ഈ 224 വിളക്കുകൾ കൂടി ഉൾപ്പെടുത്തി കരാറുകാരന് മാസം തോറും പണം നൽകുകയായിരുന്നു.
ഒരു തെരുവുവിളക്കിന്റെ പരിപാലനത്തിന് 139 രൂപ വീതമാണ് പൊതുകരാറുകാരന് വെറുതെ നൽകുന്നത്. 2018-19 സാമ്പത്തിക വർഷത്തിലെ അവസാന ആറു മാസം മാത്രം 31,136 രൂപ അധികമായി ചെലവാക്കിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. ഇപ്പോഴും തട്ടിപ്പ് തുടരുന്നുണ്ടെങ്കിൽ ഏകദേശം ഒരു ലക്ഷം രൂപയോളം ചെയ്യാത്ത ജോലിക്ക് കരാറുകാരന് നൽകിയിട്ടുണ്ടാവും.
ഗുണഭോക്തൃ വിഹിതം പിരിവിൽ തട്ടിപ്പ്
വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ഗുണഭോക്തൃ വിഹിതം പിരിക്കുന്ന രസീതുകളിൽ തീയതി രേഖപ്പെടുത്തുന്നില്ല, പിരിച്ച പണം വർഷങ്ങൾ കൈവശം സൂക്ഷിച്ച ശേഷമാണ് രസീതിൽ തീയതി രേഖപ്പെടുത്തി പണം അടയ്ക്കുന്നത്, പിരിച്ച തുക രസീതിൽ എഴുതിയിട്ടില്ല തുടങ്ങിയ ഉദ്യോഗസ്ഥരുടെ തട്ടിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. വിശദ പരിശോധനയ്ക്ക് രസീത് ബുക്കുകൾ പൂർണമായി ആവശ്യപ്പെട്ടെങ്കിലും നഗരസഭ ഹാജരാക്കിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ഗുരുതരമായ മറ്റ് കണ്ടെത്തലുകൾ
ഒരേ ഗുണഭോക്താക്കൾക്ക് തുടർച്ചയായി ആനുകൂല്യം നൽകുന്നു
ലക്ഷങ്ങൾ ചെലവിട്ട് ബയോ ഗ്യാസ് പ്ലാൻുകൾ അറ്റകുറ്റപ്പണി നടത്തിയിട്ടും പ്രവർത്തനക്ഷമമായില്ല
കളിസ്ഥലമില്ലാത്ത സ്കൂളുകൾക്ക് കളിയുപകരണങ്ങൾ നൽകി
വായനശാലയില്ലാത്ത സ്കൂളുകൾക്ക് ലൈബ്രറി ഫർണിച്ചറുകൾ കൊടുത്തു
ഓഡിറ്റ് കണ്ടെത്തൽ വാസ്തവവിരുദ്ധമാണ്. ലിങ്ക് റോഡിലെ തെരുവുവിളക്ക് പരിപാലനത്തിന് നഗരസഭ പണം നൽകിയിട്ടില്ല.
ചിന്ത എൽ. സജിത്ത്, നഗരസഭ മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ