covid

കൊല്ലം: പൂന്തുറയ്ക്ക് സമാനമായി ജില്ലയുടെ പല ഭാഗങ്ങളിലും 'കൊവിഡ് സൂപ്പർ സ്‌പ്രെഡിന്' സാദ്ധ്യത. അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ വിവേകമില്ലാത്ത പെരുമാറ്റം രോഗവ്യാപനം വർദ്ധിക്കാൻ കാരണമാകുന്നു. ജില്ലാ കളക്ടർ, പൊലീസ് കമ്മിഷണർ, റൂറൽ എസ്.പി തുടങ്ങിയവർ ജനങ്ങൾ കൂട്ടംകൂടരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടും സാഹചര്യം മനസിലാക്കി പെരുമാറാൻ ആളുകൾ തയ്യാറാവാത്തതാണ് പ്രശ്നം.

പ്രവാസികൾക്ക് മാത്രം കൊവിഡ് സ്ഥിരീകരിക്കുന്നു എന്നത് പഴങ്കഥയായി. സമൂഹവ്യാപനത്തിലേയ്ക്ക് കാര്യങ്ങൾ മാറുന്ന സ്ഥിതിയായിട്ടും ആരും ഗൗരവത്തിലെടുക്കാത്തത് ഓരോ ദിവസവും സ്ഥിതി വഷളാക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും അവർ പോയ വഴികളും മത്സ്യം വിറ്റ സ്ഥലങ്ങളും മുഴുവനായി കണ്ടെത്താൻ അധികൃതർക്കായിട്ടില്ല.

 തലതിരിഞ്ഞ് ജില്ലാ ആശുപത്രി
കണ്ടെയ്ൻമെന്റ് സോണിലാണെന്ന് പറഞ്ഞിട്ടുകൂടി പൂന്തുറ സ്വദേശിനിയായ ജില്ലാ ആശുപത്രി ശുചീകരണ ജീവനക്കാരിയെ അധികൃതർ വിളിച്ചുവരുത്തിയതാണെന്ന ആരോപണമുണ്ട്. രോഗവ്യാപനം ഉണ്ടാകാതെ നോക്കേണ്ട അധികൃതർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് നാട്ടുകാരെ അമ്പരപ്പിച്ചിട്ടുണ്ട്.

ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ള ജീവനക്കാർ ജില്ലാ ആശുപത്രിയിൽ എത്തുന്നുണ്ട്. മിക്ക ജില്ലാ ആശുപത്രികളിലും 50 ശതമാനം ജീവനക്കാരെ വച്ചാണ് കാര്യങ്ങൾ നീക്കുന്നത്. എന്നാൽ ഓഫീസിലുള്ളവരും ഡോക്ടർമാരുമൊഴികെ ബാക്കിയുള്ളവരെല്ലാം എന്നും വരണമെന്ന് അധികൃതർ നിർബന്ധം പിടിക്കുന്നതായാണ് വിവരം. ഈ സ്ഥിതി തുടർന്നാൽ ജില്ലാ ആശുപത്രി തന്നെ പൂട്ടേണ്ടി വരും.


 കെ.എം.എം.എല്ലിൽ കണ്ടത്
സമൂഹവ്യാപനം തടയാൻ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ചവറ കെ.എം.എം.എൽ അധികൃതർ സ്വീകരിച്ചത്. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുവരുന്ന 35 ഉദ്യോഗസ്ഥർക്കും പ്രത്യേക അവധി നൽകി. പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നുള്ള ആരും വരേണ്ടണ്ടെന്ന് നിർദ്ദേശവും നൽകി. എന്നിട്ടുകൂടി കെ.എം.എം.എല്ലിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു.

ഇദ്ദേഹത്തിന്റെ ബന്ധു മത്സ്യവ്യാപാര മേഖലയിലുള്ളതാണ്. അത്തരത്തിലുള്ള ബന്ധമാണ് കൊവിഡിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സമൂഹവ്യാപനത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. വരുംദിവസങ്ങളിൽ നിരവധിപേർക്ക് കൊവിഡ് സ്ഥിരീകരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന.