കൊല്ലം: പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിച്ചതും കൊവിഡ് ബാധിച്ച രണ്ട് മത്സ്യക്കച്ചവടക്കാരിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പടർന്നതും ജില്ലയിലെ മത്സ്യബന്ധന മേഖലയെ ആശങ്കയിലാഴ്ത്തുന്നു.
ഹാർബറുകൾ തുറന്ന് പ്രവർത്തിച്ച ഘട്ടത്തിൽ പൂന്തൂറയിൽ നിന്നുള്ള നിരവധി മത്സ്യബന്ധന വള്ളങ്ങൾ കൊല്ലം തീരത്ത് എത്തിയിരുന്നു. ഇവരുമായി കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികളും മത്സ്യം വാങ്ങാനെത്തിയ കച്ചവടക്കാരും ഇടപെട്ടിട്ടുണ്ട്. എന്നാൽ ജില്ലയിൽ തീരദേശ മേഖലയിൽ ഇതുവരെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ചിട്ടും ലക്ഷണങ്ങൾ പ്രകടമാകാത്തതാണോയെന്ന ആശങ്കയാണ് പലർക്കുമുള്ളത്. തീരത്ത് ഒരാൾക്ക് ബാധിച്ചാൽ പൂന്തുറയിലേത് പോലെ രോഗം പടർന്നുപിടിക്കും. കൊവിഡ് നിയന്ത്രണാതീതമായി തുടരുന്ന തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ കൊല്ലം തീരത്തടക്കം വ്യാപകമായി തമ്പടിച്ചിട്ടുണ്ട്. ചവറയിലെയും ശാസ്താംകോട്ടയിലെയും മത്സ്യക്കച്ചവർക്കാർക്ക് എവിടെ നിന്നാണ് കൊവിഡ് പടർന്നതെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. മത്സ്യവ്യാപാരികൾ തീരങ്ങളിൽ പോയി മത്സ്യം വാങ്ങുന്നതിന് പുറമേ തമിഴ്നാട്ടിൽ നിന്ന് ലോറികളിലെത്തുന്ന മത്സ്യവും എടുക്കാറുണ്ട്. ഇപ്പോഴും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി തമിഴ്നാട്ടിൽ നിന്നുള്ള ലോറികളിൽ നിന്ന് മത്സ്യക്കൈമാറ്റം നടക്കുന്നുണ്ട്.