kollam-thodu
കൊല്ലം തോട്ടിലെ മണൽ തീര സംരക്ഷണത്തിനായി ഇരവിപുരം തീരത്ത് നിക്ഷേപിക്കുന്നു

കൊല്ലം: ശക്തമായ കടലാക്രമണത്തിൽ തീരം തകർന്ന പ്രദേശങ്ങളിൽ കൊല്ലം തോട്ടിലെ മണൽ നിക്ഷേപിച്ച് തുടങ്ങി. തോട് നവീകരണത്തിന്റെ ഭാഗമായി താന്നി പാലം മുതൽ കച്ചിക്കടവ് വരെയുള്ള രണ്ടാം റീച്ചിൽ നിന്ന് ഡ്രഡ്ജ് ചെയ്ത് സംഭരിച്ചിരുന്ന മണലാണ് കടൽത്തീരത്ത് നിക്ഷേപിക്കുന്നത്.

കടലാക്രമണത്തിൽ റോഡ് അടക്കം തകർന്ന ഇരവിപുരം സെന്റ് ജോൺസ് പള്ളി മുതൽ കാക്കത്തോപ്പ് വരെയുള്ള ഭാഗത്താണ് മണ്ണ് കൂടികലർന്ന മണൽ നിക്ഷേപിക്കുന്നത്. നാല്പതിനായിരം മീറ്റർ ക്യൂബ് മണലാണ് ഇത്തരത്തിൽ തീരത്തിടുക.

ഏതുവിധേനയും തീരം സംരക്ഷിക്കാനുള്ള നടപടിയെടുക്കണമെന്ന് എം. നൗഷാദ് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ അനുമതിയോടെയാണ് കൊല്ലം തോട്ടിലെ മണൽ തീരസംരക്ഷണത്തിനായി ഉപയോഗിക്കുന്നതെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ ജോയി ജനാർദ്ദനൻ പറഞ്ഞു.