road
തകർന്ന ഈ.ടി.സി പൊൻമാന്നൂർ റോഡ്

മറ്റ് വഴികളില്ല,​ കനാലിലൂടെയുള്ള സാഹസിക യാത്ര തന്നെ ശരണം

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ,​ പൊൻമാന്നൂർ നിവാസികളുടെ യാത്ര കനാൽ ഭിത്തിയിലൂടെയാണ് അതും ജീവൻ പണയം വച്ച്. ഇരുഭാഗവും വലിയ താഴ്ചയിലുള്ള കനാൽ കരയിലൂടെയുള്ള യാത്ര അപകടകരമാണെന്ന് അറിയാഞ്ഞിട്ടല്ല. മറ്റ് വഴികളില്ലാത്തതുകൊണ്ടാണ്. തൃക്കണ്ണമംഗൽ ഇ.ടി.സി വഴി പൊൻമാന്നൂരിലേക്കുള്ള റോഡ് നൂറ്റമ്പതോളം മീറ്രർ പൂർണമായും തകർന്ന് റോഡ് ഏതാണെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഈ ടി.സിയിൽ നിന്നും ആരംഭിക്കുന്ന റോഡ് പൊൻമാനൂർ വരെ എത്തുമെങ്കിലും നെല്ലിക്കുന്നവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ടാറും മെറ്റലും ഇളകി തകർന്ന് ചെളിക്കുണ്ടായി കിടക്കുന്നത്.

പൊൻമാനൂരേക്ക് പോകാൻ കോൺക്രീറ്റ് കനാലിന്റെ വീതികുറഞ്ഞ വശമാണ് നടപ്പാതയായി ഉപയോഗിക്കുന്നത്. ഇവിടെ വാഹനങ്ങൾക്ക് മറുകര കടക്കാൻ മാർഗമില്ല.നൂറുകണക്കിന്‌ കുടുംബങ്ങളാണ്ഈ പ്രദേശത്തുള്ളത്. പൊൻമാനൂരുകാർക്ക് നെല്ലിക്കുന്നത്തും കൊട്ടാരക്കരയിലും എത്താനുള്ള ഏക മാർഗവും ഇതാണ്.കനാലിന്റെ മറുവശത്തുള്ളവർക്ക് വാഹനങ്ങളിൽ കൊട്ടാരക്കരയിലെത്താൻ ഓയൂർ റോഡിൽ നെല്ലിക്കുന്നത്തെത്തിയശേഷം കിലോമീറ്ററുകൾ താണ്ടി കൊട്ടാരക്കരയിലെത്തണം.

കെ.ഐ.പി. റോഡായതിൽ ഫണ്ട്‌ അനുവദിക്കാൻ നഗരസഭ തയ്യാറാകുന്നില്ല. റോഡിന്റെ തുടർവികസനങ്ങൾക്ക് കെ.ഐ.പി.ക്ക്‌ പദ്ധതിയുമില്ല. റോഡിന് ഇരുവശവും വളർന്നു നിൽക്കുന്ന കുറ്റിക്കാടും യാത്രക്കാർക്കു ഭീഷണിയാണ്. എത്രയും വേഗം റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ജനകീയ വേദി ആവശ്യപ്പെട്ടു.