photo
കല്ലേലിവയൽ പുരയിടം - ഫിഷർമെൻ കോളനിയിലെ ഓട ശുചീകരണ തൊഴിലാളി വൃത്തിയാക്കുന്നു

കൊല്ലം: ഒടുവിൽ നഗരസഭ കനിഞ്ഞതോടെ തീരദേശ റോഡിന് സമീപത്തെ കല്ലേലിവയൽ പുരയിടം - ഫിഷർമെൻ കോളനിയിലെ ഓടയ്ക്ക് ശാപമോക്ഷം ലഭിച്ചു. കൗൺസിലർ ഷീബാ ആന്റണിയുടെ ശ്രമഫലമായി 3,90,000 രൂപ അനുവദിച്ചതോടെ മാലിന്യം കെട്ടിനിന്ന ഓട വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചിരിക്കുകയാണ്. മേൽമൂടി മാറ്റി തൊഴിലാളികൾ ഓടയിലിറങ്ങി മാലിന്യം വെട്ടിക്കോരി മാറ്റുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. പൊട്ടിയ മേൽമൂടികൾ മാറ്റി പുതിയവ സ്ഥാപിക്കുന്നുമുണ്ട്.

മാലിന്യം കെട്ടി നിന്ന് ഓട നികന്നതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുവന്ന പ്രദേശവാസികൾ ഇപ്പോൾ ആശ്വാസത്തിലാണ്. ദുർഗന്ധമില്ലാതെ വീട്ടിലിരിക്കാം. മലിനജലത്തിൽ തൊടാതെ ഇനി വഴിനടക്കാം. ചെറിയ മഴ പെയ്താൽ പോലും ഇവിടെ മുഴുവൻ വെള്ളക്കെട്ടാവുന്ന അവസ്ഥയായിരുന്നു. സെപ്ടിക് ടാങ്ക് മാലിന്യം ഉൾപ്പടെ ഓടയിലൂടെ ഒഴുകിയെത്താറുണ്ടായിരുന്നു.

ഓട അടഞ്ഞതോടെ വഴിയിലൂടെ മലിനജലമൊഴുകുന്ന ഇവിടത്തെ ദുരിതത്തെകുറിച്ച് മെയ് 23ന് "കോർ‌പ്പറേഷൻ അധികൃതർ തിരിഞ്ഞുനോക്കുന്നില്ല, കല്ലേലിവയൽ പുരയിടം - ഫിഷർമെൻ കോളനിയിൽ വെള്ളക്കെട്ട്" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് കൗൺസിലർ ഷീബാ ആന്റണി സ്ഥലത്തെത്തി ഉടൻ പരിഹാരമുണ്ടാക്കാമെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകി. ഇതിന്റെ ഭാഗമായിട്ടാണ് കോർപ്പറേഷനിൽ നിന്ന് തുക അനുവദിച്ചത്.

ആൽത്തറമൂട് പൊലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിന്നുതുടങ്ങി തോട്ടുമുഖം കാളാഞ്ചഴികം വഴി കല്ലേലിവയൽ പുരയിടം ഭാഗത്തെത്തുന്ന ഓട പൂർണമായും മാലിന്യം നീക്കി നീരൊഴുക്കിന് സൗകര്യമൊരുക്കുകയാണ്.

 ഓട നവീകരിക്കും

പ്രദേശവാസികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട് ഓട വൃത്തിയാക്കലും പൊട്ടിയ മേൽമൂടി മാറ്റുന്ന ജോലികളുമാണ് ഇപ്പോൾ നടക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഓടയുടെ സമ്പൂർണ നവീകരണം നടത്തും. ശുചിത്വ മിഷനിൽ നിന്ന് അനുവദിച്ച 75,000 രൂപ ചെലവഴിച്ച് 2018 ഒക്ടോബറിൽ ഓട തെളിച്ചതായിരുന്നു. എന്നാൽ വീണ്ടും മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസപെട്ടു. ഇപ്പോൾ മാലിന്യം നീക്കുന്നതോടെ പ്രശ്നങ്ങൾ മാറും.

ഷീബാ ആന്റണി (കോർപ്പറേഷൻ കൗൺസിലർ)