covid

 ആകെ സമ്പർക്ക രോഗ ബാധിതർ 15

 മൂന്ന് മാസം ഗർഭിണിക്കും ആറ് വയസുള്ള പെൺകുട്ടിക്കും രോഗം സ്ഥിരീകരിച്ചു

കൊല്ലം: ശാസ്താംകോട്ടയിൽ പതിനൊന്ന് പേർക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് ആറിന് കൊവിഡ് സ്ഥിരീകരിച്ച ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവില്പനക്കാരനായ പള്ളിശേരിക്കൽ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ് രോഗം സ്ഥിരീകരിച്ചവരിൽ മിക്കവരും. ഇതോടെ ആകെ സമ്പർക്ക രോഗ ബാധിതരുടെ എണ്ണം 15 ആയി. രാജഗിരി, മനക്കര, ശാസ്താംകോട്ട, പള്ളിശേരിക്കൽ, ചവറ പുതുക്കാട് സ്വദേശികളാണ് രോഗ ബാധിതർ. രോഗം സ്ഥിരീകരിച്ച പലർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ആരോഗ്യ വകുപ്പ് നിർബന്ധ പൂർവം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മത്സ്യവ്യാപാരിയുടെ മൂന്ന് മാസം ഗർഭിണിയായ മകൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആഞ്ഞിലിമൂട് ചന്ത

ദിവസവും നൂറ് കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന താലൂക്കിലെ ഏറ്റവും വലിയ ചന്തയാണ് ആഞ്ഞിലമൂട് ചന്ത. അതിനാൽ കൂടുതൽ പേരിലേക്ക് രോഗ ബാധ ഉണ്ടാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. രോഗ ബാധിതരുടെ റൂട്ട് മാപ്പും സമ്പർക്ക പട്ടികകളും സങ്കീർണമാണ്. ഇവർ കയറിയ സ്ഥാപനങ്ങൾ, സമ്പർക്കത്തിലേർപ്പെട്ട വ്യക്തികൾ തുടങ്ങിയവ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. താലൂക്കിലെ നൂറ് കണക്കിന് പേർ നിർബന്ധിത നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമാണിപ്പോൾ.

 ഏകോപനത്തിന് ഉന്നത മെഡിക്കൽ സംഘം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഉന്നത മെഡിക്കൽ സംഘം ഇന്നലെ ശാസ്താംകോട്ടയിലെത്തി. പഞ്ചായത്ത് ഓഫീസിലെ അവലോകന യോഗത്തിൽ പങ്കെടുത്ത് കാര്യങ്ങൾ വിലയിരുത്തി. സമൂഹ വ്യാപന സാദ്ധ്യത സംശയിക്കുന്നതിനാൽ മെഡിക്കൽ സംഘം ശാസ്താംകോട്ടയിൽ ക്യാമ്പ് ചെയ്യുകയാണ്.

 നാനൂറോളം പേർക്ക് ആന്റിജെൻ പരിശോധന

രണ്ട് ദിവസങ്ങളിലായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നാനൂറോളം പേർക്ക് ആന്റിജെൻ പരിശോധന നടത്തി. ഇന്നലെ മാത്രം 253 പേർക്കാണ് പരിശോധന നടത്തിയത്. ഇവരിൽ നാല് പേരുടെ പരിശോധനാ ഫലം പൊസിറ്റീവ് ആയതോടെ വിശദ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

 ശാസ്താംകോട്ട പൊലീസ് വലയത്തിൽ

ശാസ്താംകോട്ട പഞ്ചായത്ത് പൂർണമായും പൊലീസ് വലയത്തിലാണ്. പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് പഞ്ചായത്തിലെ വിവിധ വാർഡുകൾ എന്നിവ കണ്ടെയ്മെന്റ് സോണുകളാക്കി. എല്ലാ ഇടറോഡുകളും പൊലീസ് അടച്ചുപൂട്ടി.

യോഗം ചേർന്നു.

ശാസ്താംകോട്ട പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വിദഗ്ദ്ധ സംഘത്തിലെ ഡോ. വിൻസി, ഡോ. പ്രതിഭ ,ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന സൈജു. ആർ.എം.ഒ ഡോ. അനൂപ്, ഡോ. അമൽഘോഷ്. ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.