മണിക്കൂറുകൾക്ക് ശേഷം വാതക ചോർച്ചയില്ലാതെ ടാങ്കർ മാറ്റി
കൊല്ലം: ദേശീയപാതയിലൂടെ പാചക വാതകവുമായി വരികയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറി ചാത്തന്നൂർ ശീമാട്ടിമുക്കിൽ നിയന്ത്രണം തെറ്റി റോഡരികിലേക്ക് മറിഞ്ഞു. പാചകവാതകം ചോരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. മണിക്കൂറുകൾക്ക് ശേഷം രാത്രി ഏഴ് മണിയോടെ ബുള്ളറ്റ് ടാങ്കർ ഉയർത്തി മറ്റൊരു ലോറിയിൽ ഘടിപ്പിച്ച് കൊണ്ടുപോയി.
മംഗലാപുരത്തു നിന്ന് പതിനേഴ് മെട്രിക് ടൺ പാചകവാതകവുമായി പാരിപ്പള്ളിയിലെ ഐ.ഒ.സി പ്ലാന്റിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാനായി ഒതുക്കിയപ്പോൾ ചക്രങ്ങൾ ഓടയിലേക്ക് ഇറങ്ങി നിയന്ത്രണം തെറ്റി മറിഞ്ഞെന്നാണ് ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി ശരവണൻ പൊലീസിനോട് പറഞ്ഞത്. അപകടം നടന്നയുടൻ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിച്ചു. കൊല്ലം. ചാമക്കട, കുണ്ടറ, പരവൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഘവും ഐ.ഒ.സി അധികൃതരും സ്ഥലത്തെത്തി.
എക്സ്പ്ലോസീവ് മീറ്റർ ഉപയോഗിച്ച് പാചകവാതകം ചോരുന്നില്ലെന്ന് ഉറപ്പുവരുത്തിയതോടെയാണ് പ്രദേശവാസികളുടെ ഭീതി അകന്നത്. നാല് ക്രെയിനുകൾ ഉപയോഗിച്ചാണ് ബുള്ളറ്റ് ടാങ്കർ ഉയർത്തിയത്. ഇതിനിടെ ഒരു ക്രെയിന്റെ വടം പൊട്ടിയെങ്കിലും രാത്രി 7.10ന് ടാങ്കർ ഉയർത്തി മറ്റൊരു ലോറിയുടെ കാബിന് പിന്നിലുറപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ലോറിയിൽ അപകടം നടക്കുമ്പോൾ ഒരു ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാൾ പരിക്ക് കൂടാതെ രക്ഷപ്പെട്ടു.