ചവറ: മഴ പെയ്താൽ ചോർന്നൊലിക്കുന്ന പലകയടിച്ച വീട്ടിൽ നിന്നും അശോകയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. നീണ്ടകര പരിമണം കൈതവന വടക്കതിൽ വിധവയായ അശോകയ്ക്കും രണ്ട് മക്കൾക്കുമായി വീടൊരുക്കുകയാണ് നീണ്ടകരയിലെ സി.പി.ഐ.എം.പ്രവർത്തകർ. ഭർത്താവ് മരണപ്പെട്ട് ജീവിതം ദുരിതത്തിലായ അശോകയ്ക്ക് നിത്യ ചിലവിനൊപ്പം രണ്ട് മക്കളുടെ പഠനവും കൂടി താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടയിൽ സുരക്ഷിതമായി തല ചായ്ക്കാൻ വീടെന്ന സ്വപ്നം സഫലമാക്കാൻ സി.പി.ഐ.എം. രംഗത്തെത്തിയതിന്റെ സന്തോഷത്തിലാണിവർ. ഈ കുടുംബത്തിന്റെ ദുരിതങ്ങൾ മനസിലാക്കി ഇവർക്ക് ഒരു വീടൊരുക്കാൻ സി.പി.ഐ.എം. നീണ്ടകര ലോക്കൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതിനായി പാർട്ടി അംഗങ്ങളുടെ പങ്കാളിത്തത്തോടെ വീടിനായി തുക സമാഹരിച്ചു. 450 സ്ക്വയർ ഫീറ്റ് ചുറ്റളവിൽ വാർത്ത വീടാണ് ഒരുക്കുന്നത്. വീടിന്റെ തറക്കല്ലിടൽ ചടങ്ങ് സി.പി.ഐ.എം. ഏരിയാ സെക്രട്ടറി ടി.മനോഹരൻ നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി പി.ആർ. രജിത്ത് അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റിയംഗം ദേവി ദത്തൻ പിള്ള സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റിയംഗം ആർ.രാമചന്ദ്രൻ പിള്ള, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ലതീഷൻ, ബേബി രാജൻ, ബ്രാഞ്ച് സെക്രട്ടറി ശങ്കരപിള്ള എന്നിവർ പ്രസംഗിച്ചു.