കൊല്ലം: തലവൂരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ്ഗ്രൂപ്പ് ഓഫീസർക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം. അയൽവാസിയായ പ്രതി പിടിയിൽ. നടുത്തേരി മീരാഭവനിൽ പി.ജി. വാസുദേവൻ ഉണ്ണി (55), ബന്ധുവായ ശ്രീഭവനിൽ അജിത്ത് (35) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ തലവൂർ നടുത്തേരി കോരനല്ലൂർ പുത്തൻ വീട്ടിൽ വർഗീസിനെ (70) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
പൊള്ളലേറ്റ ഇരുവരെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ വർഗീസ് വാസുദേവൻ ഉണ്ണിയുടെ ഉടമസ്ഥതയിലുളള പശു വളർത്തൽ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന കാലിത്തീറ്റയിൽ രാത്രിസമയത്ത് വിഷം തളിക്കുകയും, നിർത്തിയിടുന്ന ഫാമിലെ വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്തിരുന്നു. ഫാമുടമകൾ നടത്തിയ പരിശോധനയിൽ വർഗീസ് വാഹനം നശിപ്പിക്കുന്നതായി കണ്ടെത്തി. ഇയാളെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ കയ്യിൽ കരുതിയിരുന്ന ആസിഡ് ഇരുവരുടെയും ശരീരത്തിൽ ഒഴിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റിട്ടുണ്ട്.