ഹാർബറുകൾ അടഞ്ഞു, കടൽമീൻ വരവ് നിലച്ചു
കൊല്ലം: കൊവിഡ് വ്യാപനം തടയാൻ ഹാർബറുകൾ അടച്ചതോടെ ജില്ലയിൽ കായൽമത്സ്യങ്ങൾക്ക് പ്രിയമേറി. മലയാളിക്ക് ഊണിന് മീൻ നിർബന്ധമായതിനാൽ കടൽമീനുകളുടെ വരവ് നിലച്ചത് കടവുകളിൽ കായൽ മത്സ്യത്തിനായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. അതേസമയം ആവശ്യാനുസരണം മീനില്ലാത്തതിനാൽ ഉള്ളതിന് തീവിലയാണ്.
കരിമീൻ മുതൽ വിവിധ നാടൻ മീനുകൾ ജില്ലയിലെ കടവുകളിൽ ലഭ്യമാണ്. വിലയിൽ മുമ്പൻ കരിമീനാണെങ്കിലും ഞണ്ടും കൊഞ്ചും ഒട്ടും പിന്നിലല്ല. കണമ്പ്, കരിഞ്ചി, പള്ളത്തി, കാരൽ, നെത്തോലി, കോര തുടങ്ങിയ മത്സ്യങ്ങളാണ് കായലിൽ നിന്ന് ലഭിക്കുന്നത്. കടലുമായി ചേരുന്ന പൊഴിമുഖങ്ങളിൽ അപൂർവമായി കടൽ മത്സ്യങ്ങളും ലഭിക്കുന്നുണ്ട്.
കരിമീൻ കുറഞ്ഞതോടെ സിലോപ്പിയയോടാണ് ആളുകൾക്ക് പ്രിയം. കരിമീൻ പോലെ രുചിയുള്ളതും വിലക്കുറവുമായതിനാൽ സിലോപ്പിയയ്ക്ക് ആവശ്യക്കാരേറെയാണെങ്കിലും ലഭ്യത നന്നേ കുറവാണ്. വരാൽ, കട്ല, രോഹു, മൃഗാൾ, കാരി, കൊഞ്ച് തുടങ്ങിയ വളർത്തുമീനുകളും വിപണിയിലുണ്ട്. മഴയത്ത് കായലിൽ വെള്ളം നിറഞ്ഞപ്പോൾ മീനുകൾ ധാരാളം ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
വിനയായി കായൽ മലിനീകരണം
പ്ളാസ്റ്റിക് മാലിന്യം അടക്കം കായലുകളുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയത് മത്സ്യസമ്പത്തിന് പ്രതികൂലമായി. തിങ്ങിനിറഞ്ഞ കുളവാഴയും മറ്റൊരു പ്രതിസന്ധിയാണ്. നിരോധിത മത്സ്യബന്ധനം മത്സ്യസമ്പത്ത് ഗണ്യമായി കുറയാൻ മറ്റൊരു കാരണമായി. ചില മീനുകൾക്ക് വംശനാശവും സംഭവിച്ചു. ഉടതല, കുറുവ, ആറ്റുവാള, ചെങ്കാലി, പൂന്തി, നാടൻ കൊഞ്ച് തുടങ്ങിയ മീനുകൾ കിട്ടാനേയില്ല. മത്സ്യലഭ്യത കുറഞ്ഞതോടെ മീൻപിടിത്ത തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടിയ നിലയിലാണ്. വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നവരുടെ എണ്ണവും കുറഞ്ഞു.
മത്സ്യവില
കരിമീൻ-600
ഞണ്ട്- 550-600
കൊഞ്ച്- 500
കണമ്പ്-400
നെത്തോലി-200
പള്ളത്തി-350-400
പൊടിമീൻ- 250
വളർത്തുമത്സ്യം
കട്‌ല-175-200
രോഹു-150-200
കാരി-175
വരാൽ-350
വളർത്തുമുഷി- 250
വളർത്തുകൊഞ്ച്-450.
വിപണന കേന്ദ്രങ്ങൾ
ഓച്ചിറ ആയിരംതെങ്ങ് ക്ളാപ്പന ആലുംകടവ് കന്നേറ്റി തേവലക്കര അരിനല്ലൂർ കാരാളിമുക്ക് തെക്കുംഭാഗം നീണ്ടകര തേവള്ളി കുരീപ്പുഴ അഷ്ടമുടി കുണ്ടറ കാഞ്ഞിരകോട് മയ്യനാട് മുക്കം പരവൂർ
''
കൈയേറ്റവും കായലിൽ അടിഞ്ഞുകൂടുന്ന മാലിന്യവുമാണ് നാടൻ മത്സ്യസമ്പത്ത് ഗണ്യമായി കുറയാൻ കാരണം. കുളവാഴ നിറഞ്ഞത് ആവാസവ്യവസ്ഥയെ തകിടംമറിച്ചു.
വിൻസന്റ്
മത്സ്യത്തൊഴിലാളി