farmer

കടയ്ക്കൽ : ചിതറയുടെ കാർഷിക സമ്പത്ത് മണ്മറയുന്നു . കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് ചിതറയിലെ കർഷകർ. പ്രകൃതി ദുരിതങ്ങളും കാട്ടുമൃഗങ്ങളുടെ ശല്യവുമാണ് കൃഷിയിൽ നിന്നുമകലാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ഒരുകാലത്ത് കാർഷിക നന്മകളാൽ സമൃദ്ധമായിരുന്നു ചിതറ . കുരുമുളകും തെങ്ങും കവുങ്ങും കശുവണ്ടിയും വാഴയും മരച്ചീനിയും നെല്ലും പച്ചക്കറികളുമടക്കം പാടത്തും പറമ്പിലുമായി വിളയാത്ത വിളകളില്ല. ഈ നാടിന്റെ പ്രധാന ഉപജീവന മാർഗം തന്നെ കൃഷി ആയിരുന്നു . തിരുവനന്തപുരത്തിനോട് അടുത്ത് കിടക്കുന്നതുകൊണ്ട് കാർഷിക വിളകളുടെ കച്ചവടവും നല്ല തോതിൽ നടക്കുമായിരുന്നു. കടയ്ക്കൽ ചന്തയിലാരുന്നു ഏറ്റവും കൂടുതൽ കച്ചവടം നടത്തിയിരുന്നത് . ചിതറയിലെ കർഷകർ കൃഷിയിറക്കിയിരുന്നതുപോലും ഓരോ കണക്കുകൂട്ടലോടുകൂടെയായിരുന്നു. വിവാഹം,​ മക്കളുടെ പഠനം ഇതൊക്കെ മുൻകൂട്ടി കണക്കാക്കിയാണ് കൃഷിയ്ക്കിറങ്ങുന്നത്. കൃഷിയെന്ന ഉപജീവനമാർഗത്തിലൂടെ പഠിച്ച് ഉന്നതങ്ങളിലെത്തിയ ഒട്ടെറെപ്പേർ ചിതറയിലുണ്ട്.

കാലം മാറിയപ്പോൾ നെൽപ്പാടങ്ങൾ കരക്കൃഷിക്കും പറമ്പുകൾ റബ്ബർ കൃഷിക്കും വഴിമാറി.കാടിറങ്ങി വരുന്ന വന്യ മൃഗങ്ങളാണ് ചിതറയുടെ കാർഷിക സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടുന്നത്. കുരങ്ങും മയിലും കാട്ടുപന്നിയും നശിപ്പിക്കുന്നത് കർഷകരുടെ സ്വപ്നങ്ങളെക്കൂടിയാണ്. കർഷകരുടെ എണ്ണം പണ്ടത്തേതിനേക്കാൾ ഒരുപാട് കുറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാരമാർഗങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ശേഷിക്കുന്ന കർഷകരും കൃഷി ഉപേക്ഷിക്കുമെന്ന തീരുമാനത്തിലാണ്.

കുരങ്ങും മയിലും ധാരാളമുണ്ട്. കാട്ടുപന്നിയുടെ ശല്യത്തിനും കുറവില്ല. മഴയും കാറ്റും വന്നാലും കൃഷിയുടെ കാര്യം കഷ്ടത്തിലാകും. മഴയിലോ കാറ്റിലോ കൃഷിക്ക് നാശം സംഭവിച്ചാലും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ സഹായമൊന്നുമില്ല. കൃഷിയെ സംരക്ഷിക്കുവാനുള്ള നടപടിയുണ്ടാകണം.

അല്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരും.

കർഷകർ