തീരത്തുള്ള പലവീടുകളും കടൽ ആക്രമണ ഭീഷണിയിലാണ്
കരുനാഗപ്പള്ളി: കാലവർഷം വന്നാൽ ആലപ്പാട്ടുകാരുടെ നെഞ്ചിൽ തീയാണ്. ശക്തമായ തിരമാലകൾ തകർന്നിരിക്കുന്ന തീരവും കടന്ന് വീടുകൾ തകർക്കുമോ എന്നതാണ് അവരെ ഭയപ്പെടുത്തുന്ന ആശങ്ക. ശക്തമായ തിരകളിൽ പല ഭാഗത്തും കടൽ ഭിത്തിയുടെ അടി വശം തകർന്ന് കടൽഭിത്തി താഴേക്ക് ഇരുന്ന നിലയിലാണ്.
ആരനൂറ്റാണ്ടിലേറെയായി സമുദ്രതീരം സംരക്ഷിക്കാൻ സർക്കാർ കരിങ്കൽ ഭിത്തി നിർമ്മിച്ചിട്ട്. എന്നാൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഒരിക്കൽ പോലും ഈ കടൽ ഭിത്തികൾക്ക് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.
തിരമാലകളുടെ ആക്രമണത്തിന്റെ ശക്തി കുറയ്ക്കാനായി പലതുറകളിലും കരിങ്കൽ ഭിത്തിക്ക് പുറമെ പുലിമുട്ടുകളും നിർമ്മിച്ചിരുന്നു. എന്നാൽ പുലിമുട്ടുകളും തകർച്ചയുടെ വക്കിലാണ്.
കരിങ്കൽ ഭിത്തികൾക്ക് അറ്റകുറ്റപ്പണികളില്ല
സുനാമി ദുരന്തത്തിന് ശേഷമാണ് കരിങ്കൽ ഭിത്തികളുടെ അറ്റുകുറ്റപ്പണികൾ നിർത്തി വെച്ചത്.ഇതിന് മുമ്പ് വരെ കാലവർഷം അടുക്കുമ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷണ ഭിത്തിയുടെ അറ്റുകുറ്രപ്പണികൾ നടത്തുമായിരുന്നു. ഇതിനാൽ കാലവർഷത്തിൽ ഉണ്ടാകുന്ന ശക്തമായ തിരമാലകളെ കരിങ്കൽ ഭിത്തി തടഞ്ഞ് നിർത്തി തീരം സംരക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ഏറെ ഭയാനകമാണ്. കരിങ്കൽ ഭിത്തികൾ ഗ്രാമപഞ്ചായത്തിൽ ഉടനീളം തകർന്ന് വീണതിനാൽ തിരമാലകൾക്ക് കയറാൻ തടയമില്ല.
രാപകൽ ഭേദമന്യേ തിരമാലകൾ കരയിലേക്ക് അടിച്ച് കയറുകയാണ്. സമുദ്ര തീരത്തുള്ള പലവീടുകളും കടൽ ആക്രമണ ഭീഷണിയിലാണ്.ഇത് തടയുന്നതിനാവശ്യമായ നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം
നാട്ടുകാർ
വർഷങ്ങളായി തകർന്ന് കിടക്കുന്ന കരിങ്കൽ ഭിത്തിയും പുലിമുട്ടുകള്ളും അറ്റകുറ്രപ്പണികൾ നടത്തി ശക്തിപ്പെടുത്തിയാൽ കടൽ ആക്രമണത്തെ ഒരു പരിധി വരെ തടയാൻ കഴിയും.
ജെ.ആനന്ദൻ,എസ്.എൻ.ഡി.പി യോഗം
കുഴിത്തുറ 2326-ം നമ്പർ ശാഖാ സെക്രട്ടറി