കൊല്ലം: ഹാർബറുകൾ അടച്ചതിന് പിന്നാലെയുണ്ടായ മത്സ്യക്ഷാമം മുതലെടുത്ത് വ്യാപാരികൾ കോഴി വില കൂട്ടി. ഇന്നലെ ഒറ്റ ദിവസം കൊണ്ട് കോഴി വില 10 രൂപ വർദ്ധിച്ച് 105 ആയി. കഴിഞ്ഞ ദിവസം വരെ കിലോഗ്രാമിന് 90- 95 രൂപയായിരുന്നു വില.
ഇറച്ചിക്കോഴി ഉത്പാദന കേന്ദ്രങ്ങളിൽ കിലോഗ്രാമിന് 60 - 65 രൂപ നിരക്കിലാണ് കച്ചവടം. ഇവിടെ നിന്നുള്ള കയറ്റിറക്കും വാഹനക്കൂലിയും കച്ചവടക്കാരുടെ ലാഭവുമുൾപ്പെടെ പതിനഞ്ച് രൂപ ചില്ലറ വില്പനവിലയിൽ വർദ്ധനയുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ മത്സ്യം കിട്ടാനില്ലാത്ത അവസ്ഥ മുതലെടുത്ത് ചില്ലറ വില്പനക്കാർ വില കൂട്ടിയതാണ് നിലവിലെ വർദ്ധനയ്ക്ക് കാരണം.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതോടെ കേരളത്തിൽ ബീഫിന് ക്ഷാമമുള്ളതിനാൽ കോഴിവില ഇനിയും വർദ്ധിച്ചേക്കാം. പക്ഷിപ്പനിയെ തുടർന്ന് രണ്ട് മാസം മുമ്പ് കിലോഗ്രാമിന് 20 രൂപവരെയായി താഴ്ന്ന കോഴിവില പിന്നീട് ഘട്ടം ഘട്ടമായി ഉയർന്നാണ് ഇപ്പോൾ നൂറ് കടന്നത്.