kollam

കൊല്ലം: എന്താ അവർക്ക് കൊമ്പുണ്ടോ ? നാട്ടിൽ പറഞ്ഞുപഴകിയ വർത്തമാനം നാം നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. എന്താ കൊല്ലം ജില്ലക്കാർക്ക് കൊമ്പുണ്ടോ.? ലോകം മുഴുവൻ കൊവിഡ് എന്ന മഹാമാരിയെ തളയ്ക്കാൻ നെട്ടോട്ടമോടുമ്പോൾ ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും വെല്ലുവിളിച്ചുകൊണ്ടുള്ള ജനങ്ങളുടെ ഈ കറങ്ങിനടപ്പ് നാടിനോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്. എല്ലാമറിഞ്ഞിട്ടും ഇത്തരത്തിൽ പെരുമാറുന്നത് സമൂഹത്തോട് അൽപം പോലും സ്നേഹമില്ലാഞ്ഞിട്ടല്ലേ?. ഇത്തരക്കാർ ചെയ്യുന്നത് രാജ്യദ്രോഹമല്ലാതെ മറ്റെന്താണ്. കൊവിഡ് സ്ഥിരീകരിച്ച ഒരാൾക്കൊപ്പം കറങ്ങി നടക്കുക, തനിക്കും രോഗം പടർന്നിട്ടുണ്ടാവാമെന്ന തോന്നലുണ്ടായിട്ടുപോലും ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയോ ആശുപത്രിയിൽ പോവുകയോ ചെയ്യാതിരിക്കൽ. ഇങ്ങനെയുള്ള വിവേകശൂന്യമായ പെരുമാറ്റം നമ്മളെ സമൂഹവ്യാപനത്തിലേക്കും സൂപ്പർ സ്‌പ്രെഡിലേയ്ക്കും എത്തിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർ എല്ലാവരുടെയും കണ്ണുവെട്ടിച്ച് കറങ്ങി നടക്കുന്നു. സാമൂഹിക അകലം പാലിക്കേണ്ടിടത്ത് കൂട്ടം കൂടുന്നു. എല്ലാ ആരാധനാലയങ്ങളും അടച്ചിടുമ്പോൾ ഈശ്വരനെപ്പോലും വെല്ലുവിളിക്കുന്ന മട്ടിൽ ചിലർ കൂട്ടപ്രാർത്ഥന നടത്തുന്നു. മനുഷ്യനെ ഇല്ലാതാക്കുന്ന പ്രാർത്ഥന ആർക്കുവേണ്ടിയാണ്..?
കൈയുറയും മാസ്‌ക്കും ധരിക്കണമെന്ന് പറഞ്ഞാൽ ചിലർക്ക് പരമ പുച്ഛമാണ്. വിദേശത്തുനിന്ന് വന്ന് വീട്ടിലിരിക്കാതെ രഹസ്യമായി പാർട്ടി നടത്തുന്നവരും കുടിച്ചു കൂത്താടി രാത്രിയിൽ പഴയപടി റമ്മികളിക്കാനിറങ്ങുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. സൂപ്പർ മാർക്കറ്റുകളിൽ അനാവശ്യമായി കൂട്ടം കൂടി നിന്ന് രോഗത്തെ ക്ഷണിച്ചുവരുത്തുന്നവരും കുറവല്ല.
നിങ്ങളോടൊക്കെ ഒരു ചോദ്യമേയുള്ളൂ. ജനങ്ങളിൽ നല്ലൊരു ശതമാനവും സർക്കാർ പറയുന്നത് അനുസരിക്കുമ്പോൾ നിങ്ങളെന്താണിങ്ങനെ. നിങ്ങളെപ്പോലെ കറങ്ങി നടക്കാൻ എല്ലാവർക്കുമറിയാം. വിവേകമുള്ളവർ അത് ചെയ്യാത്തത് ചില മര്യാദകളുടെ പേരിലാണ്. സഹജീവികളെ ഇല്ലാതാക്കാൻ നിങ്ങളെന്തിന് ശ്രമിക്കുന്നു. മറ്റൊരു സൂക്കേട് പോലല്ല കൊവിഡെന്ന് കൊല്ലത്തുകാരേ നിങ്ങൾക്കറിയില്ലേ?... രോഗബാധയുള്ള ഒരാൾ പുറത്തിറങ്ങിയാൽ അത് ആയിരങ്ങളെ ബാധിക്കും. അതിവേഗത്തിൽ സമൂഹവ്യാപനമുണ്ടാകും. വരാന്തകളിലിരുന്ന് പൊട്ടിക്കരയുന്ന ജനക്കൂട്ടത്തെ ഇറ്റലിയിൽ നിങ്ങൾ കണ്ടിട്ടില്ലേ. ആയിരങ്ങൾ മരിച്ചു വീണ കാഴ്ച എത്ര ഹൃദയഭേദകമായിരുന്നു. വെന്റിലേറ്റർ പോയിട്ട് പനിക്കുള്ള ഗുളിക പോലും കൊടുക്കാനാകാതെ ആശുപത്രിക്കാർ പകച്ചു നിന്നത് ലോകം കണ്ടതാണ്. എന്നിട്ടാണോ രോഗമുള്ളവർക്കൊപ്പം ഇടപഴകിയിട്ട് നാട്ടിൽ കറങ്ങി നടക്കുന്നത്. ജില്ലാ കളക്ടറെപ്പോലും ഗൗനിക്കാതെ തോന്നിയപോലെ ജീവനക്കാരെ ഓഫീസുകളിൽ വിന്യസിക്കുന്ന കുഴപ്പക്കാരായ ചില ഉദ്യോഗസ്ഥരുമുണ്ട്. കൊവിഡ് കാലത്തല്ല ഔദ്യോഗിക ശത്രുതകൾ തീർക്കേണ്ടത്. കൊവിഡ് കാലത്തല്ല പടി വാങ്ങി നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കേണ്ടത്. അവനങ്ങ് ചത്താലും വേണ്ടില്ല എന്റെ വണ്ടി ഇതിലേ മാത്രമേ വിടൂ എന്ന മനോഭാവം നാട്ടുകാരും ഉദ്യോഗസ്ഥ മേധാവികളും കൊണ്ടുനടക്കരുത്.
ഇത് ഒന്നിച്ച് പോരാടേണ്ട സമയമാണ്. ഈ നാട് എന്നും ഇങ്ങനെയൊക്കെ നിലിൽക്കണമെങ്കിൽ എല്ലാവരുടെയും സഹകരണം വേണം. ഇല്ലാത്ത കൊമ്പിനെ കിളിപ്പിച്ച് വമ്പ് കാട്ടാതെ അറിയാതെ കിളിച്ച കൊമ്പ് അങ്ങ് അറിഞ്ഞ് മുറിക്കന്നതല്ലേ നല്ലത്.-' കൊവിഡുണ്ടാക്കുന്ന ദുഷിച്ച രക്തം പകർത്തുവാനാളുകളുണ്ടസംഖ്യം'