polayathodu
പ്രവർത്തനരഹിതമായി കിടക്കുന്ന പോളയത്തോട് ഗ്യാസ് ക്രിമറ്റോറിയം

 സ്വകാര്യ കമ്പനിക്ക് വെറുതെ നൽകിയത് 16.9 ലക്ഷം

കൊല്ലം: പോളയത്തോട് ശ്മശാനത്തിൽ വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്ന ഗ്യാസ് ക്രിമറ്റോറിയങ്ങളുടെ പരിപാലനത്തിന് നഗരസഭ ഇപ്പോഴും ലക്ഷങ്ങൾ നൽകുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഒരു അറ്റകുറ്റപ്പണിയും നടത്താത്ത സ്വകാര്യ കമ്പനിക്ക് 16,90,000 രൂപയാണ് നഗരസഭ വെറുതെ നൽകിയത്.

2008ലാണ് പോളയത്തോട് ശ്മശാനത്തിൽ ആദ്യമായി ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിച്ചത്. സ്ഥാപിച്ച കമ്പനിക്ക് തന്നെയായിരുന്നു പരിപാലന ചുമതലയും. നിർമ്മാണത്തിലെ അപാകത കാരണം ഇത് പ്രവർത്തനരഹിതമായതോടെ 2010ൽ വീണ്ടുമൊരെണ്ണം കൂടി സ്ഥാപിച്ചു. അതും മാസങ്ങൾക്കുള്ളിൽ കട്ടപ്പുറത്തായി. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തി വല്ലപ്പോഴും മൃതദേഹങ്ങൾ ദഹിപ്പിക്കാറുണ്ടെന്ന് മാത്രം. ഇതിനിടെ യന്ത്രങ്ങളുടെ പ്രവർത്തനത്തകരാർ മൂലം പരിസരത്താകെ ദുർഗന്ധവും പുകയും വ്യാപിച്ചുതുടങ്ങി. ഇതിനെതിരെ പ്രദേശവാസികൾ സംഘടിച്ചതോടെ രണ്ട് യൂണിറ്റുകളുടെയും പ്രവർത്തനം 2014ൽ നിറുത്തിവച്ചു.

നഗരസഭയിലെ ഔദ്യോഗികരേഖ പ്രകാരം ഒരു യൂണിറ്റിൽ 2014 ജനുവരി 27നും രണ്ടാമത്തേതിൽ 2014 മാർച്ച് 21നുമാണ് ഏറ്റവുമൊടുവിൽ ശവദാഹം നടന്നത്. പിന്നീട് അറ്റകുറ്റപ്പണി നടത്താൻ നഗരസഭ കരാർ കമ്പനിയോട് അവശ്യപ്പെടുകയോ അവർ എത്തുകയോ ചെയ്തിട്ടില്ല. പക്ഷേ മുടക്കമില്ലാതെ എല്ലാവർഷവും പരിപാലനത്തിനുള്ള പണം നൽകുന്നുണ്ട്.

 ഇടപാടുകളിൽ നിഗൂഢത

ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെയടക്കം ഒഴിവാക്കിയാണ് ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കാൻ നഗരസഭ സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തത്. രണ്ടു ക്രിമറ്റോറിയങ്ങളും സാങ്കേതിക തകരാർ കാരണം പരാജയപ്പെട്ടപ്പോൾ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കേണ്ടതായിരുന്നു. അതിനുതയ്യാറാകാതെ ഇപ്പോഴും പരിപാലനത്തിന്റെ പേരിൽ ലക്ഷങ്ങൾ നൽകുന്നതിന് പിന്നിൽ ഗൂഢ ഇടപാടുകളാണെന്ന സംശയവും ഉയരുന്നുണ്ട്.

 നഗരസഭ സ്വകാര്യ കമ്പനിക്ക് വെറുതെ നൽകിയത്

വർഷം, യൂണിറ്റ് 1, യൂണിറ്റ് 2

2014-15: ..........., 198000

2015-16: 215000, 227000

2016-17: ............ ............

2017-18: 205000, 205000

2018-19: 205000, 205000

2019-20: 205000, 205000

 കട്ടപ്പുറത്തായ 2 ഗ്യാസ് ക്രിമറ്റോറിയങ്ങൾ

 സ്ഥാപിച്ചത് 2008ലും 2010ലും

 പ്രവർത്തനം നിറുത്തലായത് 2014ൽ