പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു
കൊല്ലം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. രാവിലെ പ്രകടനമായെത്തിയ പ്രവർത്തകരെ കളക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ പൊലീസ് ബാരിക്കേഡുകൾ നിരത്തി തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ ചെറിയ തോതിൽ ലാത്തി ചേർജും നടന്നു. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന പ്രതിഷേധം ഡി.സി.സി മുൻ പ്രസിഡന്റ് ജി. പ്രതാപവർമ്മതമ്പാൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം പ്രതിഷേധവുമായി സംഘടിച്ച പ്രവർത്തകരെ തടയാൻ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
പ്രതിഷേധ കൂട്ടായ്മയിൽ ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമ്മിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, കെ.എസ്.യു നേതാക്കളായ കൗശിഖ് എം. ദാസ്, അഖിൽ ഭാർഗവൻ, എസ്.പി. അതുൽ, ബിച്ചു കൊല്ലം, ബിബിൻ രാജ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ രാജിക്കായി തുടർ സമരങ്ങൾ ശക്തമാക്കുമെന്ന് വിഷ്ണു വിജയൻ പറഞ്ഞു.